കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മാലിന്യ പ്രശ്‌നം ബിജെപി കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തി

Wednesday 20 December 2017 9:13 pm IST

കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മനുഷ്യ വിസര്‍ജമടക്കമുള്ള മാലിന്യം പ്രദേശവാസികളുടെ കിണറുകളിലേക്ക് ഇറങ്ങിച്ചെന്ന് കുടിവെള്ളം മുട്ടിക്കുന്ന കോളേജ് അധികൃതര്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബിജെപി അഞ്ചരക്കണ്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റിക് ടാങ്ക് അടക്കമുള്ള ആധുനിക സൗകര്യങ്ങളുപയോഗിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം. മനുഷ്യ വിസര്‍ജ്യം കാന്റീന്‍ മാലിന്യം, ആശുപത്രി മാലിന്യം തുടങ്ങിയവ കുടിവെള്ളത്തില്‍ കലരുന്നതിനാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നം പ്രദേശവാസികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ധര്‍മ്മടം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.ഹരീഷ് ബാബു അധ്യക്ഷതവഹിച്ചു. ആര്‍.കെ.ഗിരിധരന്‍, സി.സി.രതീഷ്, സതീഷ്‌കുമാര്‍ പാമ്പന്‍, ശകുന്തള ടീച്ചര്‍, കെ.കെ.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.