സിപിഎം ആരംഭിക്കുന്ന ഇസ്ലാമിക് ബാങ്കിന്റെ മറവിൽ ഇറച്ചി കയറ്റുമതി

Thursday 21 December 2017 2:45 am IST

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തില്‍ കണ്ണൂരില്‍ സഹകരണ മേഖലയില്‍ ആരംഭിക്കുന്ന പലിശരഹിത ഇസ്ലാമിക് ബാങ്കിന്റെ മറവില്‍ ഇറച്ചി കയറ്റുമതി ബിസിനസ് ആരംഭിക്കുന്നു. ബാങ്കിന്റെ പേരില്‍ പിരിച്ചെടുത്ത ഓഹരിയും പലിശരഹിതമായി സ്വീകരിക്കുന്ന നിക്ഷേപവും ഉപയോഗിച്ചാണ് 20 കോടി മുടക്കി ഇറച്ചി വ്യവസായം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായി. ജൂലൈയില്‍ ഷെയര്‍ പിരിച്ചു തുടങ്ങിയ ബാങ്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സഹകരണച്ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ആരംഭിക്കുന്ന ബാങ്കിന്റെ പ്രവര്‍ത്തനം നിയമ വിരുദ്ധമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പലിശ ആഗ്രഹിക്കാത്ത സമ്പന്നരില്‍ നിന്ന് പണം സ്വരൂപിച്ച് പലിശരഹിത വായ്പകള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം ഇതോടെ പൊളിഞ്ഞു. നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കാനും ബാങ്കിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനുമായാണ് ബിസിനസ് സംരംഭമെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ ന്യായീകരണം.

സഹകരണ ചട്ടപ്രകാരം ആരംഭിക്കുന്ന സ്ഥാപനത്തിന്റെ പണം വകമാറ്റാന്‍ കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും ഉണ്ടെന്നിരിക്കെ ഇതിനെയെല്ലാം അട്ടിമറിച്ചാണ് ബാങ്ക് ആരംഭിക്കുന്നത്. ലക്ഷക്കണക്കിന് രൂപ പലരുടേയും കൈകളിലുണ്ടെന്നും ഇത് ശേഖരിച്ചാണ് ബാങ്കിന്റെ പ്രവര്‍ത്തനമെന്നുമാണ് വിശദീകരണം. കണക്കില്‍പ്പെടാത്ത പണം ബാങ്കിന്റെ മറവില്‍ നികുതിരഹിതമാക്കി വെളുപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് കരുതുന്നത്.

പലിശരഹിത ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നുവെങ്കിലും റിസര്‍വ്വ് ബാങ്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ മറികടക്കാനും അതോടൊപ്പം മതന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താനും സഹകരണ മേഖലയില്‍ ബാങ്ക് ആരംഭിക്കാന്‍ സിപിഎം നേതൃത്വം തീരുമാനിക്കുകയുമായിരുന്നു.

സിപിഎമ്മിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ പത്തൊന്‍പതോളം ന്യൂനപക്ഷ ‘സാംസ്‌ക്കാരിക’ സംഘടനകളുടെ ഭാരവാഹികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള അംഗങ്ങളെ ഡയറക്ടര്‍മാരായി നിയമിച്ചുകൊണ്ടാണ് ‘ദി ഹലാല്‍ ഫായിദ’ എന്ന പേരിലുള്ള സഹകരണ സംഘം രൂപീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.