എടത്വയില്‍ സിപിഎമ്മുകാര്‍ വീടുകയറി അക്രമിച്ചു

Thursday 21 December 2017 2:00 am IST

എടത്വ: കളിക്കളത്തിലുണ്ടായ നിസ്സാര വാക്കുതര്‍ക്കത്തിന്റെ പേരില്‍ സിപിഎമ്മുകാര്‍ വീടുകയറി അക്രമിച്ചു. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബിജെപി ബിഎംഎസ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. കളിക്കളത്തിലുണ്ടായ വഴക്കിന്റേ പേരില്‍ അജിന്‍ എന്ന വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തിയാണ് ആദ്യം ഡിവൈഎഫ്‌ഐ സംഘം അക്രമിച്ചത്.
പിന്നീട് എടത്വ നാലാം വാര്‍ഡ് നൂറ്റെട്ടില്‍ചിറ തമ്പിയുടെ വീടുകയറിയായിരുന്നു അക്രമം. ശബരിമല കെട്ടുമുറുക്കിന് ക്ഷണിക്കാനായി ഇവിടെ എത്തിയ എയര്‍ഫോഴ്‌സ് ഉദ്യോഗസഥന്‍ രാഹുലിനെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു.
നിലവിലി കേട്ട് ഓടിക്കൂടിയ പരിസരവാസികളായ നിഷാദ്, സാബു, അഖില്‍ എന്നിവരെയും ഡിവൈഎഫ്‌ഐക്കാര്‍ അക്രമിച്ചു. ഇരുമ്പുവടികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായായിരുന്നു അക്രമം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജസ്റ്റസിന്റെ നേതൃത്വത്തിലായിരുന്നു അക്രമ പരമ്പര.
പരിക്കേറ്റവരെ തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. എടത്വയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഡിവൈഎഫ്‌ഐ സിപിഎം ഗുണ്ടാസംഘം അടുത്തിടെയായി മാരകായുധങ്ങളുമായി ഭീഷണിയുയര്‍ത്തുന്നത് പതിവാണ്.
നടുറോഡില്‍ ആയുധങ്ങളുമായി ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സംഘത്തെ അമര്‍ച്ച ചെയ്യാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.