സിപിഎം വിഭാഗീയത മറനീക്കി പുറത്ത്

Wednesday 20 December 2017 10:02 pm IST

കോഴിക്കോട്: സിപിഎമ്മിലെ വിഭാഗീയത മറ നീക്കി പുറത്താവുന്നു. ഏരിയാ സമ്മേളനങ്ങള്‍ക്കിടയില്‍ വിഭാഗീയ പ്രവണതകള്‍ ശക്തമായിരുന്നുവെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍ കാരണം ഭിന്നിപ്പ് മറച്ചുവെക്കാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍ സമ്മേളനം പൂര്‍ത്തിയായതോടെ പ്രാദേശിക തലത്തില്‍ സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ രംഗത്തു വന്നിരിക്കുകയാണ്. കക്കോടി, കുരുവട്ടൂര്‍, വാണിമേല്‍ എന്നിവിടങ്ങളിലാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ മറ നീക്കി പുറത്തുവന്നിരിക്കൂന്നത്. നേതൃത്വത്തിനെതിരെ പരസ്യമായി അണികള്‍ രംഗത്തുവന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലാണ് പല തലങ്ങളിലും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നത്. നാദാപുരം ഏരിയയില്‍ വാണിമേല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. പ്രദീപ്കുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് സിപിഎം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
നേതാക്കളുടെ ന്യൂനപക്ഷ പ്രീണനവും അഴിമതിയും ചൂണ്ടിക്കാട്ടി ലഘുലേഖകള്‍ പ്രചരിപ്പിക്കുകയാണ്. ആരോപണങ്ങള്‍ നേതൃത്വം നിഷേധിക്കുന്നുണ്ടെങ്കിലും ലഘുലേഖകളുടെ ഉറവിടങ്ങളെക്കുറിച്ചുള്ള അന്വേഷണം പാര്‍ട്ടി തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. വാണിമേല്‍ ലോക്കല്‍ സെക്രട്ടറി ടി. പ്രദീപ്കുമാറിനെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ലഘുലേഖ പ്രചരിക്കുന്നത്.
വിഭാഗീയത വളര്‍ത്തുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ മാറ്റി നിര്‍ത്തണമെന്നും മുസ്ലിം ലീഗുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍ പണം വാങ്ങി ഒത്തുതീര്‍പ്പായതായും ആരോപണമുയരുന്നുണ്ട്.
രക്തസാക്ഷി കുടുംബങ്ങളില്‍പെട്ടവര്‍ തന്നെ സിപിഎമ്മിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇവരില്‍ പലരും പാര്‍ട്ടി വിടാനുള്ള നീക്കത്തിലാണ്. എന്നാല്‍ ഇവരെ പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളും നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി ഏരിയാ സെക്രട്ടറിയുടെ പിന്തുണയിലാണ് ലോക്കല്‍ സെക്രട്ടറിയുടെ നീക്കങ്ങളെന്നാണ് അണികള്‍ ആരോപണം ഉയര്‍ത്തുന്നത്. പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ നേരിടാന്‍ ഇക്കഴിഞ്ഞ ദിവസം പുതുക്കയത്ത് സിപിഎം വിശദീകരണ സമ്മേളനം സംഘടിപ്പിച്ചിരുന്നു.
സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ സമ്മേളനം സമാപിച്ചെങ്കിലും കുരുവട്ടൂര്‍ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല്. രണ്ട് ഏരിയാ കമ്മിറ്റി സ്ഥാനങ്ങള്‍ ഇതു മൂലം ഒഴിച്ചിടേണ്ടി വന്നിരിക്കുകയാണ്. ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ ചേരി തിരിഞ്ഞ് അടി നടന്നതോടെയാണ് സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ പിരിച്ചുവിടേണ്ടി വന്നത്.
കക്കോടിയില്‍ പുതിയ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭിന്നിപ്പിനെ ശക്തമാക്കിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചോയിക്കുട്ടിക്കെതിരെ മുന്‍ പ്രസിഡന്റ് രാജേന്ദ്രനെ പിന്തുണയ്ക്കുന്ന വിഭാഗം രംഗത്തുണ്ട്. ജില്ലാ സമ്മേളനത്തിന് മുമ്പ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍അവസാനിപ്പിക്കാനുള്ളപാര്‍ട്ടി നേതൃത്വ ത്തിന്റെ നീക്കം പരാജയപ്പെടുമെന്ന നിലയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.