മണ്ഡലകാലത്ത് കോട്ടയം ഡിപ്പോയ്ക്ക് റെക്കോഡ് വരുമാനം

Thursday 21 December 2017 12:00 am IST

കോട്ടയം: ശബരിമല തീര്‍ത്ഥാടനം ഒരു മാസം പിന്നിടുമ്പോള്‍ റെക്കോഡ് വരുമാനവുമായി കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ. ഇതുവരെയുള്ള കളക്ഷന്‍ ഒന്നേകാല്‍ കോടി പിന്നിട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഡിപ്പോ നേടിയിരിക്കുന്നത്. 2,037,36 തീര്‍ത്ഥാടകരാണ് കോട്ടയത്ത് നിന്ന് പമ്പയ്ക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഒന്നരലക്ഷം ആളുകളാണ് തീര്‍ത്ഥാടകരായി എത്തിയത്.
പമ്പയിലേക്ക് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെ എത്തിച്ചതും കോട്ടയം ഡിപ്പോയാണ്. ഇതുവരെ 4,000-ല്‍ അധികം ട്രിപ്പുകള്‍ നടത്തി. കോട്ടയം ഡിപ്പോയിലെ ബസ്സുകള്‍ മാത്രം ഉപയോഗിച്ച് 3627 സര്‍വ്വീസുകളും നടത്തി. ബാക്കിയുള്ള സര്‍വ്വീസുകള്‍ മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ബസ്സുകള്‍ ഉപയോഗിച്ചായിരുന്നു.
തീര്‍ത്ഥാടനകാലം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ 25 ബസ്സുകളാണു പമ്പയിലേക്കു സര്‍വ്വീസ് നടത്തിയിരുന്നതെങ്കില്‍ പിന്നീട് കോട്ടയം ഡിപ്പോയ്ക്ക് അഞ്ചു ബസ്സുകള്‍കൂടി ലഭിച്ചു. ഇപ്പോള്‍ ദിവസവും 41 ബസ്സുകളാണ് പമ്പയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ 36 കെഎസ്ആര്‍ടിസി ബസ്സുകളും അഞ്ച് കെയുആര്‍ടിസി നോണ്‍ എസി ബസ്സുകളും ഉള്‍പ്പെടുന്നു.
ശനി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. ഈ സമയം കോട്ടയത്തിന്റെ സമീപ ഡിപ്പോകളായ തിരുവല്ല, പാലാ, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി, മൂവാറ്റുപുഴ തുടങ്ങിയ ഡിപ്പോകളില്‍നിന്ന് രണ്ടു ബസ്സുകള്‍ വീതം എത്തിച്ചാണ് അധിക സര്‍വ്വീസ് നടത്തുന്നത്. ഈ ദിവസങ്ങളില്‍ കളക്ഷന്‍ ആറര മുതല്‍ 7 ലക്ഷം രൂപവരെയാണ്. റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തുമ്പോഴുണ്ടാകുന്ന തിരക്ക് കണക്കിലെടുത്തും അധിക സര്‍വ്വീസ് നടത്തുന്നുണ്ട്. കോട്ടയത്തുനിന്ന് പമ്പവരെ 93 രൂപയാണു യാത്രാനിരക്ക്. എരുമേലി വരെ 46 രൂപയും. കോട്ടയത്തിനു 10 കിലോമീറ്റര്‍ ചുറ്റളവില്‍ 40ല്‍ അധികം ആളുകള്‍ പമ്പയ്ക്കു പോകാനുണ്ടെങ്കില്‍ നിശ്ചിത സ്ഥലത്ത് ബസ്സ് എത്തുന്ന സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.
തിരക്ക് കണക്കിലെടുത്ത് അധിക സര്‍വ്വീസ് നടത്താന്‍ ബസ്സില്ലാത്തത് അധികൃതരെ കുഴപ്പിച്ചിരുന്നു. ഇതിന് പരിഹാരമായി അടുത്തയാഴ്ചയോടെ 10 ബസുകള്‍ കൂടി കോട്ടയത്ത് എത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. ശബരിമല സര്‍വ്വീസുകള്‍ കാര്യക്ഷമമായി നടത്തി വരുമാനം വര്‍ദ്ധിപ്പിച്ച ഡിപ്പോ അധികൃതര്‍ക്ക് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ പ്രശംസയും ലഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.