കുടിവെള്ളക്ഷാമം: കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടിയതിന് കൗണ്‍സിലര്‍ക്ക് അധിക്ഷേപം

Thursday 21 December 2017 12:00 am IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയിലെ 33, 34 വാര്‍ഡുകളില്‍ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച കണ്‍സിലര്‍ ഉഷാ സുരേഷിനെ സിപി എം കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ അധിക്ഷേപിച്ചു.
നഗരസഭയുടെ പടിഞ്ഞാറു ഭാഗത്ത് 33,34 വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനാല്‍ 2010ല്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയില്‍ ഉപഭോക്താക്കളുടെ സഹകരണത്തോടെ കിണര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സ്ഥലവാസികള്‍ 10 ലക്ഷത്തോളം രൂപാ സമാഹരിച്ച് കുടിവെള്ള പദ്ധതിക്കായി ബോയ്‌സ് സ്‌കൂള്‍ മൈതാനത്ത് ജില്ലാ പഞ്ചായത്ത് അനുമതിയോടെ കിണര്‍ നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട് ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ആയപ്പോള്‍ ടാങ്ക് നിര്‍മ്മിക്കുന്നതിനായി ഒരു സെന്റ് സ്ഥലം കണ്ണാറന്‍മുകള്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് വില കൊടുത്തു വാങ്ങി നഗരസഭയ്ക്ക് കൈമാറി.
ഏകദേശം 67 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി കൗണ്‍സിലര്‍ ഉഷാ സുരേഷും പടിഞ്ഞാറെ നട കുടിവെള്ള ഉപഭോക്തൃസമിതി ഭാരവാഹികളും കൂടി നഗരസഭയിലെ എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എഞ്ചിനീയര്‍ കിണറും ടാങ്കും തമ്മിലുള്ള അകലം 1100 മീറ്റര്‍ എന്ന് അളന്നു തിട്ടപ്പെടുത്തിയത് നഗരസഭാ രേഖയില്‍ 550 മീറ്റര്‍ എന്നു തെറ്റായി രേഖപ്പെടുത്തി. ഇതുമൂലം കാലതാമസം വന്നതിനാല്‍ കുടിവെള്ള പദ്ധതിക്കായി വകയിരുത്തിയ 14,90,000 രൂപയില്‍ സ്പില്‍ ഓവര്‍ തുകയായ 8,90,000 രൂപ ലാപ്‌സായി. ഏകദേശം 60 ലക്ഷത്തില്‍പ്പരം രൂപാ ചെലവു പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിക്ക് എംഎല്‍എ, എംപി ഫണ്ടുകളില്‍ നിന്ന് തുക അനുവദിച്ച് പൂര്‍ത്തിയാക്കണമെന്ന് കൗണ്‍സിലര്‍ ഉഷാ സുരേഷ് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല.
കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും നഗരസഭയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അവസാന ആശ്രയമെന്ന നിലയില്‍ ഉഷാ സുരേഷ് എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ എന്നിവര്‍ക്ക് നിവേദനം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടുള്ള നടപടി കളക്ടറുടെ ഓഫീസ് വഴി ഉണ്ടായതാണ് സിപിഎം അംഗങ്ങളെ ചൊടിപ്പിച്ചത്. നഗരസഭയുടെ അവഗണനക്കെതിരെ നിലപാട് സ്വീകരിക്കുന്നതിനു പകരം ബിജെപി കൗണ്‍സിലര്‍ കേന്ദ്ര സഹായം തേടിയതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.