സിപിഎം തീക്കൊള്ളികൊണ്ട് തലചൊറിയുന്നു: ബിജെപി

Wednesday 20 December 2017 10:45 pm IST

കണ്ണൂര്‍: ജില്ലയില്‍ ശാശ്വതസമാധാനം സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍നിന്ന് ഉരുത്തിരിഞ്ഞ സര്‍വകക്ഷി, ഉഭയകക്ഷി സമാധാന കമ്മറ്റികളുടെ നിര്‍ദേശങ്ങള്‍ പോലും സിപിഎം ലംഘിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പോലും കണ്ണൂര്‍ ജില്ലയിലെ നേതൃത്വവും അണികളും ലംഘിക്കുകയാണ്. ബിജെപി ആര്‍എസ്എസ് നേതാക്കളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢശ്രമമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം കതിരൂരിലും ശിവപുരത്തും നേതാക്കള്‍ക്ക് നേരെ നടന്ന അക്രമം. സിപിഎം നേതൃത്വം ജില്ലയില്‍ സമാധാനം ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ് ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന തുടര്‍ ആക്രമങ്ങള്‍.
മട്ടന്നൂരിനടുത്ത ശിവപുരത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി നേതാക്കളെ ആസൂത്രിതമായി കൊലപ്പെടുത്താനായിരുന്നു സിപിഎമ്മിന്റെ നീക്കം. ജില്ലയില്‍ ഏത് അക്രമകേസുകള്‍ പരിശോധിച്ചാലും ഒരു ഭാഗത്ത് സിപിഎമ്മുണ്ട്. മറ്റൊരു പാര്‍ട്ടിയും പ്രവര്‍ത്തിക്കേണ്ട എന്ന നിലപാടാണ് സിപിഎമ്മിന്റേത്. ശിവപുരത്ത് ബിജെപി നേതാക്കള്‍ സഞ്ചരിക്കുന്ന വിവരം മാലൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരനാണ് അക്രമികളെ അറിയിച്ചത്. സിപിഎമ്മിന്റെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അക്രമം. സിപിഎം അതിരുവിട്ട് കളിക്കുകയാണ്. തങ്ങളുടെ ക്ഷമയ്ക്കും അതിരുണ്ടെന്ന കാര്യം സിപിഎം ഓര്‍ത്താല്‍ നല്ലതായിരിക്കുമെന്നും അതിരുവിട്ട കളി സിപിഎം അവസാനപ്പിക്കണമെന്നും രഞ്ജിത്ത് മുന്നറിയിപ്പ് നല്‍കി.
ജില്ലയില്‍ ഒരു പോലീസ് സ്റ്റേഷനില്‍നിന്നും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നീതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. മുഖ്യമന്ത്രി ഉപദേശകന്‍ എം.വി.ജയരാജന്‍ പറയുന്നതുപോലെയാണ് കണ്ണൂര്‍ എസ്പി പ്രവര്‍ത്തിക്കുന്നത്. സിപിഎം നിര്‍ദേശം എസ്പി പോലീസ് സ്റ്റേഷനുകളില്‍കൂടി നടപ്പാക്കുകയാണെന്നും രഞ്ജിത്ത് ആരോപിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, സംസ്ഥാന സമിതിയംഗം വി.വി.ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.