ജില്ലയില്‍ സിപിഎം-പോലീസ് കൂട്ടുകെട്ട് : ആര്‍എസ്എസ്

Wednesday 20 December 2017 10:45 pm IST

കണ്ണൂര്‍: ജില്ലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ സിപിഎമ്മും പോലീസും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഇതില്‍ നിന്നും ഇരുവിഭാഗങ്ങളും പിന്മാറണമെന്നും ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ പോലീസ് സഹായത്തോടെ സിപിഎം നടത്തിയ നീക്കമാണ് മട്ടന്നൂര്‍ ശിവപുരത്തും തലശ്ശേരി കതിരൂരിലും കഴിഞ്ഞദിവസം നടന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ കാണിക്കുന്നത്.
മാലൂര്‍ പോലീസ് സ്റ്റേഷനില്‍ അക്രമക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോയി മടങ്ങുമ്പോഴാണ് സംഘപരിവാര്‍ നേതാക്കളെ ശിവപുരത്തിവെച്ച് സിപിഎമ്മുകാര്‍ അക്രമിച്ചത്. നേതാക്കളുടെ യാത്ര സംബന്ധിച്ച് വിവരം അക്രമികള്‍ക്ക് നല്‍കിയത് പോലീസാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജില്ലയിലെ കോണ്‍സ്റ്റബിള്‍മാര്‍ തൊട്ട് ഡിവൈഎസ്പി റാങ്കിലുളള പോലീസ് ഉദ്യോഗസ്ഥര്‍വരെയുളളവരില്‍ ഒട്ടുമിക്ക പേരും മുന്‍കാല ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണ്. ഇവരാണ് ജില്ലയിലെ പോലീസിനെ നിയന്ത്രിക്കുന്നത്. പല പോലീസ് സ്റ്റേഷനുകളും ലോക്കല്‍ കമ്മറ്റി ഓഫീസുകള്‍ പോലെ പ്രവര്‍ത്തിക്കുകയാണ്. സംഘ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുളള പ്രായപൂര്‍ത്തിയാകാത്തവരേയും സ്ത്രീകളേയുമുള്‍പ്പെടെ കളളക്കേസില്‍ കുടുക്കുകയും അര്‍ദ്ധരാത്രിയില്‍ പോലും വീടുകളില്‍ കയറി അസഭ്യവര്‍ഷവും അതിക്രമവും നടത്തുകയാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കകത്ത് ജില്ലയിലെങ്ങും രൂപംകൊണ്ട വിഭാഗീയതയ്ക്ക് തടയിടുക എന്ന ലക്ഷ്യവും അക്രമങ്ങള്‍ക്ക് പിന്നിലുണ്ട്. അഭിപ്രായ ഭിന്നതയുടെ പേരില്‍ ചിന്നഭിന്നമായ അണികളെ ഒറ്റക്കെട്ടാക്കി നിര്‍ത്താനുളള തന്ത്രത്തിന്റെ ഭാഗമാണ് അക്രമം. അടിക്കടി ഏകപക്ഷീയമായി സംഘപ്രവര്‍ത്തകര്‍ക്കെതിരെ അത്യന്തം ക്രൂരമായ രീതിയില്‍ അക്രമം ജില്ലയില്‍ തുടരുമ്പോഴും സംഘപ്രസ്ഥാനങ്ങളുടെ ആത്മസംയമനം ഒന്നു കൊണ്ടു മാത്രമാണ് ജില്ലയില്‍ സമാധാനം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.