ഇരിട്ടി പുഷ്‌പോത്സവം 22 മുതല്‍ ജനുവരി 7 വരെ; ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന്

Wednesday 20 December 2017 10:50 pm IST

DCIM100MEDIADJI_0402.JPG

ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 22 മുതല്‍ ജനുവരി 7 വരെ ഇരിട്ടിയില്‍ നടക്കുന്ന ഏഴാമത് പുഷ്‌പോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പൂക്കളുടെയും ചെടികളുടെയും വ്യത്യസ്തതയെ പരിചയപ്പെടുത്തുന്നിനൊപ്പം ക്രിസ്തുമസ്പുതുവത്സര അവധിക്കാലത്തിന് ഉത്സവപ്പൊലിമ പകരാനും കൂടി ലക്ഷ്യമിട്ടുള്ള പുഷ്‌പോത്സവം ഗംഭീരമാക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗര ഹൃദയത്തില്‍ തലശേരിവളവുപാറ സംസ്ഥാന പാതയ്ക്ക് സമീപത്ത് തവക്കല്‍ കോംപ്ലക്‌സിന് സമീപം നാലേക്കറോളം സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ നഗരിയിലാണ് പ്രദര്‍ശനം നടക്കുന്നത്.
പതിനായിരം ചതുരശ്ര അടിയില്‍ സ്വദേശി, വിദേശി ഇനങ്ങള്‍ ഉള്‍പ്പെടെ മുപ്പതിനായിത്തോളം ചെടികളുമായി സൊസൈറ്റി നേരിട്ടൊരുക്കുന്ന പൂന്തോട്ടങ്ങളാണ് പ്രധാന ആകര്‍ഷക ഇനം. അതോടൊപ്പം പ്രശസ്ത സിനിമാതാരം എസ്‌തേര്‍ ബ്രാന്‍ഡ് അംബാസിഡറായ പുഷ്‌പോത്സവത്തിന്റെ കലാഭംഗിയുള്ള നഗരി രൂപകല്‍പ്പന ചെയ്തിട്ടുള്ളത് ശില്പി ശ്രീനി പൂമരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ചരിത്രവും സംസ്‌കാരവും പരിസ്ഥിതി ബോധവല്‍ക്കരണ സന്ദേശങ്ങളും ഇഴചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് പ്രദര്‍ശന നഗരിയിലെ കാഴ്ചകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. നൂറോളം കൊമേഴ്‌സ്യല്‍ സ്റ്റാളുകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അതിരില്ലാത്ത ആഹ്ലാദവുമായി ഇരുപതോളം ഇനങ്ങളുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്. ശുചിത്വമിഷന്‍, എക്‌സൈസ്, അഗ്‌നിശമനസേന, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കെഎസ്ഇബി, റെയ്ഡ്‌കോ എന്നിവയുടെ വൈവിധ്യമുള്ള പ്രദര്‍ശനങ്ങളും പ്രശസ്ത ജൈവ കര്‍ഷകന്‍ ഷിംജിത്ത് തില്ലങ്കേരിയുടെ ജൈവജാലകം നാട്ടറിവ് പ്രദര്‍ശനവും ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറളം ഫാമിന്റെ നടീല്‍വസ്തു വിപണന കേന്ദ്രത്തിന് പുറമെ കേരളത്തിനകത്തും പുറത്തുമുള്ള നഴ്‌സറികളും ബോണ്‍സായി പ്രദര്‍ശനവും നഗരിയിലുണ്ടാകും. പരിസ്ഥിതിജലസംരക്ഷണ ബോധവല്‍ക്കരണ പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനങ്ങളിലൂന്നിയാണ് പുഷ്‌പോത്സവം രൂപകല്‍പന ചെയ്തിരിക്കുന്നത്.
പുഷ്‌പോത്സവം നാളെ അഞ്ചിന് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്രാന്‍ഡ് അംബാസിഡര്‍ സിനിമാതാരം എസ്‌തേര്‍ വിശിഷ്ടാതിഥിയായിരിക്കും. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി.എ.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. അമ്യൂസ്‌മെന്റ് പാര്‍ക്ക് ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകനും ഫയര്‍ഫോഴ്‌സ് പ്രദര്‍ശനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മയും എക്‌സൈസ് പ്രദര്‍ശനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നയും ശുചിത്വ മിഷന്‍ പ്രദര്‍ശനം തഹസില്‍ദാര്‍ കെ.കെ.ദിവാകരനും ജൈവജാലകം നാട്ടറിവ് കാര്‍ഷിക പ്രദര്‍ശനം ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും ആറളം ഫാം സ്റ്റാള്‍ ആറളം ഫാമിങ് കോര്‍പറേഷന്‍ എംഡി കെ.പി.വേണുഗോപാലന്‍, കെഎസ്ഇബി പ്രദര്‍ശനം കെഎസ്ഇബി ബോര്‍ഡ് അംഗം ഡോ.വി.ശിവദാസനും റെയ്ഡ്‌കോ കാര്‍ഷികോപകരണ പ്രദര്‍ശനം ചെയര്‍മാന്‍ വല്‍സന്‍ പനോളിയും ഉദ്ഘാടനം ചെയ്യും. ഗ്രീന്‍ലീഫ് പ്രഥമ ചെയര്‍മാന്‍ ഡോ. എം.ജെ.മാത്യു ആദരിക്കലും മുന്‍ ചെയര്‍മാന്‍ സി.അഷറഫ് തുണിസഞ്ചി വിതരണ ഉദ്ഘാടനവും നടത്തും. മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ സര്‍വ്വകക്ഷി പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ നേരും.
പുഷ്‌പോത്സവത്തോടനുബന്ധിച്ചുള്ള നാട്ടുരുചി നാടന്‍ പാചക മത്സരം 27 ന് 1.30 നും വര്‍ണോത്സവം ചിത്രരചന മത്സരം 30 ന് പത്തിനും പൂനിലാവ് മൈലാഞ്ചിയിടല്‍ മത്സരം മൂന്നിന് രണ്ടിനും പുഷ്‌പോത്സവ നഗരിയില്‍ നടക്കും. ഫോണ്‍: 7025934101.
കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് മാലിന്യ നിര്‍മാര്‍ജനത്തിനും ഹരിതവല്‍ക്കരണം ജലസംരക്ഷണത്തിനും പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന കാര്യങ്ങളിലൂന്നിയാണ് പുഷ്‌പോത്സവമെന്നും എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം നടക്കുകയെന്നും ഭാരവാഹികളായ സി.എ.അബ്ദുള്‍ ഗഫൂര്‍, പി.അശോകന്‍, ഡോ.എം.ജെ. മാത്യു, സി.അഷറഫ്, കെ.സി.ജോസ്, സി.ബാബു, പി.പി.രജീഷ്, എന്‍.ജെ.ജോഷി, പി.സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.