2ജി സ്‌പെക്ട്രം: അഴിമതിക്ക് ഉത്തരവാദികളില്ല

Friday 22 December 2017 12:05 am IST

ന്യൂദല്‍ഹി: കോടാനുകോടികളുടെ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍മന്ത്രി എ. രാജയും ഡിഎംകെ നേതാവ് കനിമൊഴിയും അടക്കം മുഴുവന്‍ പ്രതികളെയും പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി വിലയിരുത്തിയ ജഡ്ജി ഒ.പി. സെയ്‌നി സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികളെ കുറ്റക്കാരായി കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കി.

വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും അറിയിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും എന്‍ഫോഴ്‌സ്‌മെന്റിന്റെ ഒരു കേസിലുമാണ് വിധിയുണ്ടായത്. നേരത്തെ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ലൈസന്‍സുകള്‍ റദ്ദാക്കിയിരുന്നു.

1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായി 2010ല്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വിനോദ് റായ് കണ്ടെത്തി. 30,984 കോടി രൂപയുടെ അഴിമതിയെന്നായിരുന്നു സിബിഐയുടെ വാദം. ഈ പൊരുത്തേക്കേടുകളും കേസില്‍ തിരിച്ചടിയായി. കുറ്റങ്ങള്‍ കെട്ടിച്ചമച്ചതെന്നും മൊഴികളും രേഖകളും തമ്മില്‍ വൈരുധ്യമുണ്ടെന്നും പറഞ്ഞ കോടതി തെളിവുകള്‍ ഹാജാരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിധിന്യായത്തില്‍ ആവര്‍ത്തിച്ചു. 2001ലെ നിരക്കില്‍ സ്‌പെക്ട്രം നല്‍കാന്‍ രാജ ഗൂഢാലോചന നടത്തിയെന്ന വാദവും കോടതി തള്ളി.

നിരക്ക് പരിഷ്‌കരിക്കേണ്ടെന്ന ടെലികോം മന്ത്രാലയത്തിന്റെയും ട്രായിയുടെയും തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് രാജ ചെയ്തത്. അതിനാല്‍ അഴിമതിയുടെ ഉറവിടം രാജയെന്നു കരുതാനാകില്ല. രാജയ്ക്കെതിരായ ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ പരിശോധിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. രാജയ്ക്ക് അനുകൂലമായ കുറിപ്പുകളും ഉണ്ട്. സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതിന് മുന്‍പുള്ള കുറിപ്പുകളല്ല, അന്തിമ തീരുമാനമാണ് പരിശോധിക്കേണ്ടത്. ഉന്നതരുള്‍പ്പെട്ട കേസെന്നത് കൊണ്ടുമാത്രം തെളിവുകളില്ലാതെ ശിക്ഷിക്കാനാകില്ല.

ആവശ്യത്തിന് സാഹചര്യത്തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചു. സ്വാന്‍, യുണിടെക് തുടങ്ങിയ യോഗ്യതയില്ലാത്ത കമ്പനികളെ സഹായിച്ചെന്ന ആരോപണവും തള്ളി. ഇടപാടിലൂടെ ലഭിച്ച 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് കൈമാറിയതിന് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസും രണ്ടാമത്തെ വിധിയിലൂടെ കോടതി റദ്ദാക്കി. നാല് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള വാണിജ്യ ഇടപാടെന്നു മാത്രമാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും കനിമൊഴിയെ കുറ്റവിമുക്തയാക്കി കോടതി ചൂണ്ടിക്കാട്ടി.

രാജയും കനിമൊഴിയും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്നും പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും കനിമൊഴി പറഞ്ഞു. വിധി വായിച്ച ശേഷം പ്രതികരിക്കാമെന്നും എല്ലാവരും സന്തോഷത്തിലെന്നും രാജ വ്യക്തമാക്കി.

രാജ്യം ഞെട്ടിയ അഴിമതി

2008ല്‍ സുബ്രഹ്മണ്യം സ്വാമിയാണ് 2ജി സ്‌പെക്ട്രം വിതരണത്തിലെ അഴിമതി ആദ്യം ഉന്നയിച്ചത്. 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ വിവിധ കമ്പനികള്‍ക്ക് നല്‍കിയതില്‍ 1.72 കോടി രൂപ പൊതുഖജനാവിന് നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ട് രാജ്യത്തെ നടുക്കി.

കോര്‍പ്പറേറ്റ്, മാധ്യമ മേഖലയിലെ പ്രമുഖരുടെ പേരുകളും വിവാദത്തിലേക്ക് ഉയര്‍ന്നുവന്നു. ദേശീയതലത്തില്‍ അഴിമതിക്കെതിരായ വലിയ പ്രക്ഷോഭത്തിന് കാരണമായി. 2012 ഫെബ്രുവരി രണ്ടിന് അഴിമതി ചൂണ്ടിക്കാട്ടി ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി. 2009 ഒക്ടോബര്‍ 21നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2011 ഫെബ്രുവരിയില്‍ രാജ അറസ്റ്റിലായി.

ഇവര്‍ പ്രതികള്‍

എ. രാജ– മുന്‍ ടെലികോം മന്ത്രി
കനിമൊഴി– കരുണാനിധിയുടെ മകള്‍,
ഡിഎംകെ നേതാവ്
ദയാലു അമ്മാള്‍– കരുണാനിധിയുടെ ഭാര്യ
സിദ്ധാര്‍ത്ഥ് ബഹുറ– മുന്‍ ടെലികോം
സെക്രട്ടറി
ആര്‍.കെ. ചന്ദോല– രാജയുടെ പ്രൈവറ്റ്
സെക്രട്ടറി
ഷാഹിദ് ബല്‍വ– ഡിബി ഗ്രൂപ്പ് പ്രൊമോട്ടര്‍
ശരത് കുമാര്‍– കലൈഞ്ജര്‍ ടിവി എംഡി
സഞ്ജയ് ചന്ദ്ര– യൂണിടെക് എക്‌സിക്യുട്ടീവ്
ഗൗതം ദോഷി, സുരേന്ദ്ര പിപാറ,
ഹരി നായര്‍– റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പ് എക്‌സിക്യുട്ടീവ്‌സ്
രവി റുവ, അന്‍ശുമാന്‍ റുവ- എസ്സാര്‍ ഗ്രൂപ്പ് പ്രൊമോട്ടേഴ്‌സ്
വികാസ് സറാഫ്– എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍
ഐ.പി. ഖെയ്താന്‍, കിരണ്‍ ഖെയ്താന്‍
ലൂപ് ടെലികോം പ്രൊമോട്ടേഴ്‌സ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.