വീണ്ടും സിനിമാ മലിനീകരണം!

Thursday 21 December 2017 8:40 am IST

നാളുകളായി സീരിയലുകളിലെ അഹിതവും അവിഹിതവുമായ കഥകള്‍ക്കായിരുന്നു മലയാളികള്‍ക്കിടയില്‍ കമ്പം. ഇപ്പോഴാകട്ടെ സീരിയല്‍കഥകളെക്കാള്‍ ചൂടുംചൂരുമുള്ള സിനിമാക്കഥകള്‍ക്കാണ് കൂടുതല്‍ രസം .താരങ്ങള്‍ പരസ്പരം മത്സരിച്ച് തെറിവിളിച്ചും ചെളിയെറിഞ്ഞും ആളായി സംതൃപ്തിയടയുകയും ആളാകുകയും ചെയ്യുകയാണ്. ഇതില്‍ സ്വയംപാരവെച്ചു പണിനേടുന്നവരും അനേകം. ചെറുകിടക്കാര്‍ മുതല്‍ വന്‍കിടക്കാര്‍വരെ ഇങ്ങനെ വിവാദങ്ങളുടെ മേളപ്പെരുക്കംകൊണ്ട് പൂരം നടത്തുകയാണ്.

അമ്പുകൊള്ളാത്തവരില്ല….എന്നു പറയും പോലെയാണ് ഇന്നു സിനിമാക്കാരുടെ കാര്യം. മെഗാസ്റ്റാറുകളും ഇന്നലെ വഴിയെപോകുന്നതിനിടയില്‍ സിനിമയില്‍ കേറിനിന്ന മെഗാസ്റ്റാറുകളും ഒരുപോലെയാണ് എന്തെങ്കിലും പറഞ്ഞില്ലങ്കില്‍ താന്‍ ചെറുതായിപ്പോകുമെന്നു കരുതി പോക്കണംകേടു നിറഞ്ഞ വിവാദങ്ങള്‍ക്കു തിരിതെളിക്കുന്നുണ്ട്. പൊട്ടലും ചീറ്റലുമൊക്കെ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ടതോടെയാണ് സിനിമയ്ക്കുള്ളിലെ വലിയ വ്രണംപൊട്ടി ചലം ഒഴുകാന്‍ തുടങ്ങിയത്. സിനിമാക്കാരെ തീറ്റിപ്പോറ്റുന്ന പ്രേക്ഷകരെപ്പോലും അപമാനിക്കുന്നതരത്തിലാണ് സിനിമയിലെ കൊള്ളരുതായ്മകള്‍ പുറത്തുവരുന്നത്. അതെ,വീണ്ടും സിനിമാ മലിനീകരണം.

വലിയ പുരസ്‌ക്കാരങ്ങള്‍കിട്ടി കാണികളുടെ ആദരവുനേടി അതിന്റെതായ മാന്യത പുലര്‍ത്താതെ ചെളിവാരിയെറിഞ്ഞു സുഖിച്ച് അതിലും വലിയ ചെളി ഏറ്റുവാങ്ങി ദുര്‍ഗന്ധംവമിക്കുന്നവരായി തീരുന്നുണ്ടു ചിലര്‍. തന്റെ മികവിനും അര്‍ഹതയ്ക്കും യോജിക്കാത്ത ഇരിപ്പിടംകിട്ടിയില്ലെന്നു പറഞ്ഞ് വാക്കുകളുടെ അമേദ്യം ചുറ്റുപാടും വലിച്ചെറിഞ്ഞ് കൈയ്യടിയും കൂക്കുവിളിയും സ്വയംപാരയും സൃഷ്ടിക്കുന്നു ചിലര്‍. മെഗാസ്റ്റാറിന്റെ ഒരു ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശമെടുത്ത് വന്‍കോളിളക്കും തീര്‍ത്ത് അനുകൂലനത്തിന്റെ കൂമ്പാരവും പ്രതികൂല മലിനീകരണത്തിന്റെ മലയും ഏറ്റുവാങ്ങുന്നുമറ്റുചിലര്‍.

ഇത്തരക്കാരെ പാഠം പഠിപ്പിക്കാന്‍ ചില നിര്‍മാതാക്കളും സംവിധായകരും പറഞ്ഞുവെച്ച സിനിമകളില്‍ നിന്നും വരാനിരിക്കുന്ന സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതായി കരക്കമ്പിയും പരക്കുന്നു. മെഗാസ്റ്റാറിന്റെ പേരുപറയാന്‍ നിര്‍ബന്ധിച്ച നടിയും സംവിധായികയുമായ കക്ഷിയുടെ ഭര്‍ത്താവായ സംവിധായകനും പണികിട്ടിയെന്നും കേള്‍ക്കുന്നു. പുതിയ ചിത്രത്തിനുവേണ്ടി സൂപ്പര്‍താരം വണ്ണംകുറച്ചതിനെക്കുറിച്ചുള്ളവിവിധ പരാമര്‍ശങ്ങള്‍ക്കിടയില്‍ താരത്തെ നേരിട്ടുകണ്ടു ബോധ്യപ്പെട്ടപ്പോള്‍ വിമര്‍ശനം ആവിയായതും മറ്റൊരു വാര്‍ത്ത.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതികൂലിച്ചും പിന്നീട് അനുകൂലിച്ചും കൂടെ നിന്നവര്‍ അദ്ദേഹത്തിനെതിരെ മൊഴി പറഞ്ഞതാണ് ഈ കേസിലെ പുതിയ റ്റ്വിസ്റ്റ്. സിനിമാക്കാരുടെ കൊള്ളരുതായ്മയറിഞ്ഞ് രണ്ടുമൂന്നു മാസക്കാലം കാണികളില്ലാതെ സിനിമാതിയറ്ററുകള്‍ ഒഴിഞ്ഞു കിടന്നത് സിനിമാക്കാര്‍ മറന്നുപോയോ. എത്രകൊണ്ടാലും നമ്മുടെ സിനിമാക്കാര്‍ പഠിക്കില്ല. അവര്‍ എപ്പോഴും അഹങ്കാരവും പൊങ്ങച്ചവുംകൊണ്ട് ഭൂമിയിലും ആകാശത്തിലും നിലംതൊടാതെ നില്‍ക്കുന്നവരാണല്ലോ. ഓര്‍ക്കുക,സിനിമയാണ് മോഹിപ്പിക്കുന്നത് സിനിമാക്കാരല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.