ആധ്യാത്മികതയുടെ മറവില്‍ ആശ്രമത്തില്‍ പീഡനവും കൊടും ക്രൂരതയും

Friday 22 December 2017 2:50 am IST

ന്യൂദല്‍ഹി: ആധ്യാത്മികതയുടെ മറവില്‍ ദല്‍ഹിയിലെ ആശ്രമത്തില്‍ പീഡനവും മയക്കുമരുന്ന് ഉപയോവും നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ നൂറോളം സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മൃഗതുല്ല്യമാണ് ഇവരുടെ അവസ്ഥയെന്നും കണ്ടെത്തി.

വീരേന്ദ്രര്‍ദേവ് ദീക്ഷിത് സ്ഥാപിച്ച ആധ്യാത്മിക വിശ്വവിദ്യാലയത്തില്‍ വര്‍ഷങ്ങളായി പെണ്‍കുട്ടികളെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയിരുന്നു. ആശ്രമത്തില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരയായിട്ടുണ്ടെന്നും പലരും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും എന്‍ജിഒ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ദല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആധ്യാത്മികതയുടെ മറവില്‍ അതിക്രൂരമായ ലൈംഗിക പീഡനവും മനുഷ്യധ്വസനവുമാണ് നടക്കുന്നത്. നൂറുകണക്കിന് സ്ത്രീകളും പെണ്‍കുട്ടികളുമാണ് ആശ്രമത്തില്‍ ക്രൂരതയ്ക്ക് ഇരയായിട്ടുളളതെന്നും അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. രക്ഷപ്പെടാതിരിക്കാന്‍ ഇരുമ്പുവാതിലുകളുള്ള മുറികളിലാണ് അന്തേവാസികളെ പാര്‍പ്പിച്ചിരുന്നത്. കൂടാതെ ആശ്രമത്തിന് ചുറ്റും മുളളുവേലിയും സ്ഥാപിച്ചിട്ടുണ്ട്.

ആശ്രമത്തിലെ ആണ്‍കുട്ടികളും പീഡനത്തിനിരയായതായി സംശയിക്കുന്നു. അന്തേവാസികളില്‍ മയക്കുമരുന്ന് പ്രയോഗം നടത്തതായും റിപ്പോര്‍ട്ടുണ്ട്. മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന സിറിഞ്ചുകളും മരുന്നുകളും ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി പോലീസ് രജനീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ പോലീസ് ആശ്രമം റെയ്ഡ് ചെയ്തു. ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.

ആശ്രമത്തിലെത്തിയ തങ്ങളെ ആക്രമിക്കുകയും ഒരു മണിക്കൂര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. രണ്ട് മണിക്കൂറിന് ശേഷമാണ് അന്തേവാസികളായ പെണ്‍കുട്ടികളെ കാണാനായത്. ഇവര്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന്് മലിവാള്‍ പറഞ്ഞു.

അന്തേവാസികള്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന ഒരു കൂട്ടം കത്തുകള്‍ ആശ്രമത്തിലെ ഒരു പെട്ടിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. വന്‍ തോതില്‍ ചില ഇഞ്ചക്ഷന്‍ മരുന്നുകളും ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പതിനാലുവര്‍ഷത്തിലെറെയായി ആശ്രമത്തില്‍ സ്ത്രീകളെ അന്യായമായി തടവില്‍ പാര്‍പ്പിച്ചുവരുകയാണ്. അന്തേവാസികളായ സ്ത്രീകളില്‍ പലരും ആത്്മഹത്യ ചെയ്തിട്ടും പോലീസ് ഇതേവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബലാല്‍ംഗത്തിനിരയായവര്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്. ഹരിയാനയിലെ ഗുര്‍മീത് റാം റഹിമിന്റെ ആശ്രമത്തിലേതിനു സമാനമായ സംഭവങ്ങളാണ് ദല്‍ഹിയിലെ ആശ്രമത്തിലും അരങ്ങേറുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.