കൊട്ടിയൂര്‍ പീഡനക്കേസ് ; കുറ്റാരോപിതര്‍ വിചാരണ നേരിടണം: ഹൈക്കോടതി

Thursday 21 December 2017 9:00 pm IST

തലശ്ശേരി: വൈദികന്‍ മുഖ്യപ്രതിസ്ഥാനത്തുള്ള പ്രമാദവും വിവാദവുമായ കൊട്ടിയൂര്‍ പീഡനക്കേസിന്റെ വിചാരണക്കുള്ള വിലക്ക് കേരള ഹൈക്കോടതി നീക്കി. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് കേസിലെ ഒമ്പതാം പ്രതി വയനാട് ചൈല്‍ഡ്‌ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി, സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാ മന്ദിരം സുപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജി തള്ളിയ സിംഗിള്‍ ബഞ്ച് എല്ലാവരോടും തലശ്ശേരി കോടതിയില്‍ വിചാരണ നേരിടാന്‍ ഉത്തരവിട്ടു.
ഇതോടെ കഴിഞ്ഞ പത്ത് മാസങ്ങളായി തലശ്ശേരി പോക്‌സോ പ്രത്യേക കോടതിയില്‍ തുടങ്ങിയും മുടങ്ങിയും അനിശ്ചിതത്വത്തില്‍ കഴിയുന്ന വൈദിക പീഡനക്കേസിന്റെ വിചാരണക്കുള്ള വഴിതെളിഞ്ഞു. കൊട്ടിയൂര്‍ നീണ്ടു നോക്കിയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജരുമായ ഫാ.റോബിന്‍ വടക്കുംചേരിയുടെ ലൈംഗിക പീഡനത്തില്‍ 16 കാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വൈദികനും കന്യാസ്ത്രീകളും ഡോക്ടര്‍മാരും പള്ളിമേടയിലെ സഹായിയായ സ്ത്രീയും ഉള്‍പെടെ 10 പേര്‍ക്കെതിരെയുള്ള കുറ്റപത്രം ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് അന്വേഷണ ഉേദ്യാഗസ്ഥന്‍ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ പിന്നീടാണ് കുറ്റാരോപിതരില്‍ ചിലര്‍ വിചാരണക്ക് മുന്‍പേ തന്നെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി വിടുതല്‍ ഹരജി നല്‍കിയത്.
പ്രസ്തുത ഹരജി തലശ്ശേരി കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത് 2017 ഫിബ്രവരി ഏഴിന് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനി പ്രസവിച്ചതും നവജാത ശിശുവിനെ പെട്ടെന്നുതന്നെ അമ്മയില്‍ നിന്നും വേര്‍പെടുത്തി അതീവ രഹസ്യനീക്കത്തിലൂടെ വയനാട്ടിലെ അനാഥ മന്ദിരത്തിലേക്ക് മാറ്റിയതും വാര്‍ത്തയായതിനെ തുടര്‍ന്നാണ് കൊട്ടിയൂര്‍ വൈദിക പീഡനക്കേസിന് തുടക്കമിട്ടത്. അതേ മാസം 27 ന് പേരാവൂര്‍ പോലീസ് ഫാദര്‍ റോബിനെ അറസ്റ്റ് ചെയ്തു. കാനഡയിലേക്ക് കടക്കാന്‍ വിമാനത്താവളത്തിലേക്ക് ഒളിച്ചുപോവുന്നതിനിടയില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അന്ന് മുതല്‍ വൈദികന്‍ റിമാന്റിലാണുള്ളത് തുടര്‍ച്ചയായി നല്‍കിയ ജാമ്യഹരജി കോടതി ഇതേവരെ അനുവദിച്ചിട്ടില്ല. കേസില്‍ മൂന്ന് സാക്ഷികളെ വിസ്തരിച്ചതിന് ശേഷം പരിഗണിക്കാം എന്നായിരുന്നു നിരീക്ഷണം. എന്നാല്‍ ഇതേ കേസിലെ കൂട്ടുപ്രതിസ്ഥാനത്തുള്ള 9 പേരും ഇതിനകം ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.