കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡെന്റല്‍- ഒഫ്ത്താല്‍മോളജി വിഭാഗങ്ങളിലെ ഫീസ് നിരക്ക് കുറയ്ക്കാന്‍ തീരുമാനം. ആശുപത്രി വികസന സൊസൈറ്റിയുടെ ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ഈ വിഭാഗങ്ങളില്‍ പുതുതായി ആരംഭിച്ച സര്‍വ്വീസുകളുടെ നിരക്ക് കൂടുതലാണെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്. മെഡിക്കല്‍ കോളേജില്‍ അനധികൃതമായി 150 നിയമനങ്ങള്‍ നടത്തിയതിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത മറികടക്കാന്‍ ചികിത്സാ നിരക്കുകള്‍ കൂട്ടിയെന്ന് ഇന്നലെ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതിയ നിരക്കനുസരിച്ച് ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ മേജര്‍ ശസ്ത്രക്രിയകള്‍ക്ക് 250 രൂപയും ചെറിയ ശസ്ത്രക്രിയകള്‍ക്ക് 100 രൂപയുമാണ് ഫീസ്. പിആര്‍പി ലേസര്‍ നാല് സിറ്റിങ്ങിന് 500 രൂപ, ഫോക്കല്‍ ലേസര്‍ 250 രൂപ, ബാരേജ് ലേസര്‍ 250 രൂപ, യാഗ് ക്യാപ്സൂളോട്ടമി 250 രൂപ, ഒസിറ്റി (ഒപ്റ്റിക്കല്‍ കൊഹറന്‍സ് ടോമോഗ്രാഫി) 250 രൂപ, എഫ്എഫ്എ ടെസ്റ്റിന് 300 രൂപയും ഫീല്‍ഡ് – 200 രൂപയും എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍.
ബിപിഎല്‍ വിഭാഗത്തിലെ രോഗികള്‍ക്ക് എല്ലാ ചികിത്സയും സൗജന്യമാണ്. ഡെന്റല്‍ വിഭാഗത്തില്‍ റൂട്ട് കനാല്‍ ആന്റീരിയര്‍ ചികിത്സയ്ക്ക് 500 രൂപയില്‍ നിന്ന് 250 രൂപയായി ഫീസ് കുറച്ചിട്ടുണ്ട്. റൂട്ട് കനാല്‍ പോസ്റ്റീരിയര്‍ ചികിത്സയ്ക്ക് 750 രൂപയില്‍ നിന്ന് 400 രൂപയായി ഫീസ് കുറച്ചു. ഒപിജി എക്സ്റേ നിരക്ക് 300 രൂപയില്‍ നിന്ന് 150 ആയും കുറച്ചു. സ്വകാര്യ ആശുപത്രികളില്‍ ഈ ചികിത്സകള്‍ക്ക് യഥാക്രമം 2500, 5000, 600 രൂപയാണ്. കോസ്മെറ്റിക് ചികിത്സകള്‍ക്ക് നിരക്ക് കുറയ്ക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. എങ്കിലും കോസ്മെറ്റിക് സര്‍ജറിക്ക് 2500 രൂപയില്‍ നിന്ന് 2000 രൂപയായി നിരക്ക് കുറച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 75000 രൂപവരെ ചാര്‍ജ്ജ് ചെയ്യുന്ന മാക്സില്ലാ ഫേഷ്യല്‍ ട്രോമ ചികിത്സയ്ക്ക് 1500 രൂപയായി നിരക്ക് കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 2500 രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: