ടൂറിസം വികസനം: പുതുവര്‍ഷത്തില്‍ ഇസ്രായേലിലേക്ക് വിമാനസര്‍വ്വീസ്

Friday 22 December 2017 2:30 am IST

കൊച്ചി: പുതുവര്‍ഷത്തില്‍ കൊച്ചിയില്‍നിന്ന് ഇസ്രായേലിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്ന ജനുവരിയില്‍ ഉദ്ഘാടനമുണ്ടാകും. വിനോദ, ആത്മീയ ടൂറിസത്തിന് കുതിപ്പേകാനാണ് സര്‍വീസ്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടെല്‍ അവീവിലേയ്ക്കാണ് സര്‍വ്വീസ്.

ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടു സര്‍വ്വീസുകളാണുണ്ടാകുക. ഇസ്രായേലില്‍ നിന്നുള്ള പ്രത്യേകസംഘം കൊച്ചിയിലെത്തി വിമാന സര്‍വ്വീസിനുള്ള സാധ്യതാപഠനം നടത്തി.
ഇസ്രായേല്‍- ഇന്ത്യ വിനോദസഞ്ചാര മേഖലയില്‍ അടുത്തിടെയുണ്ടായ കുതിപ്പിന്റെ ഭാഗമായാണ് വിമാന സര്‍വ്വീസിന് നടപടിയെടുത്തത്. 2010ല്‍ 20,000 ല്‍ താഴെയായിരുന്നു ഇന്ത്യന്‍ സന്ദര്‍ശകര്‍. 2016ല്‍ ഇത് 45,000 ആയി ഉയര്‍ന്നു. 2017ല്‍ 60,000 ആയി ഉയരുമെന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് വിസ ലഭ്യതയില്‍ ഒട്ടേറെ ഇളവുകള്‍ വരുത്തിയിരുന്നു. അമേരിക്ക, കാനഡ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഇളവുകളാണ് ഇന്ത്യക്കാര്‍ക്കും ലഭിച്ചത്. പാസ്‌പോര്‍ട്ട് മുഖ്യ രേഖയാക്കിയുള്ള വിസ ലഭ്യതയ്ക്ക് ബെംഗളൂരൂ, മുംബൈ, ന്യൂദല്‍ഹി കേന്ദ്രങ്ങളിലും വിസ അപേക്ഷകള്‍ സ്വീകരിക്കും. കൊച്ചി- ഇസ്രയേല്‍ വിമാനസര്‍വ്വീസ് കേരള ടൂറിസത്തിന് വന്‍ നേട്ടമാകുമെന്നാണ് പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.