കത്തോലിക്ക അതിരൂപതയുടെ വസ്തു ഇടപാട് വിവാദത്തില്‍ അന്വേഷണം തുടങ്ങി

Friday 22 December 2017 2:30 am IST

കൊച്ചി: എറണാകുളം-അങ്കമാലി സിറിയന്‍ കത്തോലിക്ക അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്പന വിവാദമാകുന്നു. കോടികളുടെ സ്ഥലമിടപാടിനെ കുറിച്ച് അധികൃതര്‍ അന്വേഷണമാരംഭിച്ചു. ക്രമ പ്രകാരമല്ലാതെ നടന്ന സ്ഥലമിടപാടില്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ച് ഒരു വിഭാഗം വൈദികര്‍ പരാതികളുമായി രംഗത്തെത്തിയതോടെയാണ് ഭൂമിക്കച്ചവടം പുറത്തായത്. ഇതിനു പിന്നിലെ സാമ്പത്തിക ഇടപാടിനെ കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.

ഇതേച്ചൊല്ലി സഭയ്ക്കുള്ളില്‍ തര്‍ക്കം രൂക്ഷമാകുകയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരായ നീക്കം ശക്തമാകുകയും ചെയ്തു. സഭയുടെ പേരില്‍ തൃക്കാക്കര, മരട് മേഖലകളിലുള്ള മൂന്നേക്കറോളം ഭൂമി വിറ്റതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സജീവമായ ആരോപണം. സീറോ മലബാര്‍സഭയുടെ പൗരാണിക സ്വത്ത് കള്ളപ്പണക്കാരുമായി ചേര്‍ന്ന് വിറ്റ് തുലച്ചെന്നാണ് ഒരു വിഭാഗം വൈദികര്‍ പറയുന്നത്. വിവാദമുയര്‍ന്നതോടെ അന്വേഷണത്തിന് സഭാ നേതൃത്വം സമിതിയെ നിയോഗിച്ചിട്ടുണ്ട്.  സമിതി അടുത്തമാസം 31ന് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സഭാ അധികൃതര്‍ അറിയിച്ചു. അതിനുശേഷമേ വസ്തു ഇടപാടിന്റെ പൂര്‍ണ്ണ വിവരം ലഭ്യമാകൂ.

കോടികള്‍ വിലമതിക്കുന്ന ഭൂമി പ്ലോട്ടുകളായി തിരിച്ച് ബിനാമിയായി പലരുടെയും പേരില്‍ തുച്ഛമായ തുകയ്ക്ക് വിറ്റ ശേഷം വന്‍തുകയ്ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു. പടമുകള്‍ സ്വദേശിയായ സഭാവിശ്വാസിയാണ് ഭൂമി കച്ചവടത്തിന് ഇടനിലനിന്നത്. കുറഞ്ഞ വിലയ്ക്ക് ഭൂമി കൈക്കലാക്കിയവരില്‍ ഇയാളുമുണ്ട്. ഇയാള്‍ വാങ്ങിയ മൂന്ന് പ്ലോട്ടുകളും പിന്നീട് വന്‍ തുകയ്ക്ക് മറ്റുസമുദായത്തില്‍പെട്ടവര്‍ക്ക് മറിച്ചുവിറ്റു. സാമ്പത്തിക ഭദ്രതയില്ലാത്ത പലരുടെ പേരിലും വസ്തുക്കള്‍ പ്ലോട്ടുകളായി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ആലുവയിലുള്ള ഒരു ഡോക്ടറും 15 സെന്റ് വാങ്ങിയിട്ടുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇപ്പോഴുള്ള ഭീമമായ ബാങ്ക് വായ്പ അടച്ചു തീര്‍ക്കുന്നതിനാണ് വസ്തുവില്പന നടത്തിയതെങ്കിലും കടം അടയ്ക്കാനായില്ലെന്ന് പറയുന്നു. കാലടി മറ്റൂരില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ സ്ഥലം വാങ്ങിയതിന്റെ കടബാധ്യതയാണിത്. നൂറുകോടിക്കടുത്തുള്ള ബാങ്ക് വായ്പയ്ക്ക് കോടികള്‍ ഓരോ മാസവും പലിശയിനത്തില്‍ ബാങ്കിനു നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. വില്പന സംബന്ധിച്ച് ആദ്യ ഘട്ടത്തില്‍ രൂപതയിലെ വൈദികതല സമിതികൡ ചര്‍ച്ചകള്‍ നടത്തി. വില്പന കരാറിന് സമിതികള്‍ അനുമതി നല്‍കുകയും ചെയ്തു. പിന്നീട് രൂപതയില്‍ ധനപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയുടെ അറിവോടെ ഇരുപത്തിയേഴ് കോടിക്ക് വില്പന കരാര്‍ ഒപ്പിട്ടു.

ഇതിനിടെ നോട്ടു നിരോധനത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ മുഴുവന്‍ തുകയും നല്‍കാന്‍ സ്ഥലം വാങ്ങിയ ആള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതോടെ 9 കോടി രൂപവാങ്ങി സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കിയെന്നാണ് ആരോപണം. ഇടപാടില്‍ വന്‍ നഷ്ടമുണ്ടായെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഇടനിലക്കാരന്റെ കൈവശമുണ്ടായിരുന്ന കോതമംഗലം കോട്ടപ്പടിയിലെ 25 ഏക്കറും ദേവികുളം ആനവിരട്ടി വില്ലേജിലുള്ള 17 ഏക്കറും രജിസ്റ്റര്‍ ചെയ്ത് വാങ്ങി. ഇതില്‍ ദേവികുളത്തെ ഭൂമി പരിസ്ഥിതി ലോലമേഖലയില്‍ പെടുന്നതാണ്. കോതമംഗലത്തെ ഭൂമിയാകട്ടെ മുമ്പൊരിക്കല്‍ രൂപത വാങ്ങാന്‍ തീരുമാനിച്ചെങ്കിലും വേണ്ടെന്ന് വച്ചതും. ഇതോടെയാണ് രൂപതയ്ക്കുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി ഒരു പറ്റം വൈദികര്‍ രംഗത്തെത്തിയത്.

കാക്കനാട് നൈപുണ്യ സ്‌കൂളിന് എതിര്‍വശം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിര്‍വശത്ത് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേര്‍ന്ന് കിടക്കുന്ന, അലക്‌സിയന്‍ ബ്രദേഴ്‌സ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നല്‍കിയ സ്ഥലം ഒരേക്കര്‍, കാക്കനാട് നിലംപതിഞ്ഞ മുകളില്‍ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയാണ് വില്പന നടത്തിയ സ്ഥലങ്ങള്‍. ഇത് അഞ്ച് സെന്റുമുതല്‍ 15 സെന്റ് വരെയുള്ള പ്ലോട്ടുകളായിട്ടാണ് വിറ്റിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.