പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും

Friday 22 December 2017 2:51 am IST

ന്യൂദല്‍ഹി: തിരുവനന്തപുരം – എറണാകുളം സെക്ടറില്‍ എട്ടു പാസഞ്ചര്‍, മെമു ട്രെയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കിയ ദക്ഷിണ റെയില്‍വേയുടെ തീരുമാനം പിന്‍വലിച്ചു. വെള്ളിയാഴ്ച മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

ട്രെയിന്‍ നമ്പര്‍ 63300 കൊല്ലം- എറണാകുളം മെമു, 66301 എറണാകുളം- കൊല്ലം മെമു, ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം- കായംകുളം പാസഞ്ചര്‍, 56388 കായംകുളം – എറണാകുളം പാസഞ്ചര്‍, 66307 എറണാകുളം – കൊല്ലം മെമു, 66308 കൊല്ലം – എറണാകുളം മെമു, 56381 എറണാകുളം- ആലപ്പുഴ വഴി കായംകുളം പാസഞ്ചര്‍, 56382 കായംകുളം- അലപ്പുഴ വഴി എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പുനരാരംഭിക്കാന്‍ ഗോയല്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയ വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ട്രെയിനുകള്‍ റദ്ദാക്കിയ ഉദ്യോഗസ്ഥരുടെ ഏകപക്ഷീയ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പ്രൊഫ. റിച്ചാര്‍ഡ് ഹെ എംപി റെയില്‍ മന്ത്രിയുമായും ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം മന്ത്രിയെ അറിയിച്ചു. റെയില്‍വേ ഉപദേഷ്ടാവ് ഗുഹ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (കോച്ച്‌സ്) രാജീവ് സക്‌സേന എന്നിവരെ വിളിച്ചു വരുത്തി മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു.

ഇന്നലെ കേരളത്തില്‍നിന്നുള്ള എംപിമാര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചു. ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ച് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനാല്‍ ബെംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ഓടിക്കുന്നതിനും മന്ത്രി സതേണ്‍ ദക്ഷിണ ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.