ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക്‌സ്: കേരളം മുന്നില്‍

Friday 22 December 2017 2:30 am IST

റോത്തക്ക്: 63-ാമത് ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക്‌സിന്റെ നാലാം ദിനം കേരളം മുന്നിലെത്തി. ഇന്നലെ മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും കേരള താരങ്ങള്‍ സ്വന്തമാക്കി. ഇതോടെ 7 സ്വര്‍ണ്ണം, ആറ് വീതം വെള്ളിയും വെങ്കലവുമായി കേരളത്തിന്റെ ആകെ സമ്പാദ്യം. 64 പോയിന്റാണ് കേരളത്തിനുള്ളത്.

5 സ്വര്‍ണ്ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 53 പോയിന്റുള്ള ഹരിയാന രണ്ടാമത്. മൂന്നാമതുള്ള തമിഴ്‌നാടിന് 2 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമടക്കം 30 പോയിന്റ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 39 പോയിന്റുമായി കേരളം ഒന്നാമത്. ആണ്‍കുട്ടികളില്‍ 35 പോയിന്റുള്ള ഹരിയാനയാണ് മുന്നില്‍. 24 പോയിന്റുമായി കേരളം രണ്ടാമത്. പെണ്‍കുട്ടികളില്‍ രണ്ടാമതുള്ള ഹരിയാനക്ക് 18 പോയിന്റാണുള്ളത്.

ഇതിനിടെ കേരള ടീമിന്റെ ക്യാമ്പില്‍ ചെന്ന് ഹരിയാന താരങ്ങള്‍ ആക്രമണം നടത്തി. പോയിന്റ് പട്ടികയില്‍ കേരളം ഒന്നാമതെത്തിയതിനു പിന്നാലെയാണ് ഹരിയാന താരങ്ങളുടെ ആക്രമണം. മൊബൈല്‍ ചാര്‍ജര്‍ ചോദിച്ചെത്തിയാണ് നാല് പേരടങ്ങുന്ന സംഘം കേരള ക്യാപ്റ്റന്‍ അജിത്തിനെ മര്‍ദ്ദിച്ചെന്നാണ് വിവരം.

അജിത്തിന്റെ മുഖത്തടിച്ച ശേഷം നാല്‍വര്‍ സംഘം ഓടി രക്ഷപ്പെട്ടു. ഇതിലൊരാളെ കേരള താരങ്ങള്‍ പിടികൂടി. സംഭവത്തില്‍ ഹരിയാന താരങ്ങള്‍ക്കെതിരെ കേരളം പരാതി നല്‍കി.
സംഭവം വിവാദമായതോടെ ഹരിയാന മാപ്പ് ചോദിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹരിയാന ഡിഇഒ അറിയിച്ചു.

ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ്‌ത്രോയില്‍ അലക്‌സ് പി. തങ്കച്ചന്‍, പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ ഐശ്വര്യ. പി.ആര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിഷ്ണു പ്രിയ. ജെ എന്നിവരാണ് ഇന്നലെ കേരളത്തിനായി പൊന്നണിഞ്ഞത്. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ അനസ്. എന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനന്തു വിജയന്‍, പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പി എന്നിവര്‍ വെള്ളി നേടി. പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ ആതിര. കെ.ആര്‍, ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ എ. അജിത്ത് എന്നിവര്‍ വെങ്കലം സ്വന്തമാക്കി.

ഇന്നലത്തെ പോരാട്ടങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത് കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അലക്‌സ് പി. തങ്കച്ചനാണ്. ഡിസ്‌ക്കസ് ത്രോയില്‍ ഉത്തരേന്ത്യന്‍ കരുത്തുമായെത്തിയ താരങ്ങളെ പിന്തള്ളിയാണ് അലക്‌സ് പൊന്നണിഞ്ഞത്. ത്രോയിനങ്ങളില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ മലയാളി താരവുമായി ഇതോടെ അലക്‌സ്. 50.57 മീറ്റര്‍ ദൂരത്തേക്കാണ് അലക്‌സിന്റെ കൈക്കരുത്തില്‍ ഡിസ്‌ക് പറന്നത്. വെള്ളി നേടിയ ഹരിയാനയുടെ അജയ്ക്ക് 46.15 മീറ്റര്‍ എറിയാനേ കഴിഞ്ഞുള്ളൂ.

പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ 12.53 മീറ്റര്‍ ചാടിയാണ് മാതിരപ്പള്ളി ജിവിഎച്ച്എസ്എസിലെ ഐശ്വര്യ പി.ആര്‍. സ്വര്‍ണം നേടിയത്. അതേസമയം മറ്റൊരു മലയാളി താരവും ഉറച്ച പ്രതീക്ഷയുമായിരുന്ന ലിസ്ബത്ത് കരോലിന്‍ ജോസഫ് നാലാമതായി. പാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ലിസ്ബത്തിനായിരുന്നു സ്വര്‍ണ്ണം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒരു മിനിറ്റ് 04.58 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പാലക്കാട് ജിഎംഎംജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയായ ജെ. വിഷ്ണുപ്രിയ സ്വര്‍ണ്ണം നേടിയത്. മറ്റൊരു മലയാളി താരം അര്‍ഷിത. എസ് നാലാമതായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.