2018-19 വാര്‍ഷിക പദ്ധതി രൂപീകരണം മാര്‍ച്ചോടെ പൂര്‍ത്തീകരിക്കാന്‍ തീരുമാനം

Thursday 21 December 2017 11:01 pm IST

കണ്ണൂര്‍: 2018-19ലേക്കുള്ള വാര്‍ഷിക പദ്ധതി രൂപീകരണം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാന്‍ പാകത്തില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നേരത്തേയാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുടെ ആദ്യവര്‍ഷമായ നടപ്പുവര്‍ഷത്തില്‍ ജൂണ്‍ മാസം തന്നെ പദ്ധതി രൂപീകരണം പൂര്‍ത്തിയായതോടെ പദ്ധതി നിര്‍വഹണത്തിന് കൂടുതല്‍ സമയം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.
അടുത്ത വര്‍ഷം സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തില്‍ പദ്ധതി രൂപീകരണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് തല ആസൂത്രണ സമിതിയും വര്‍ക്കിംഗ് ഗ്രൂപ്പുകളും നേരത്തേ രൂപീകരിച്ചിരുന്നു. നിലവിലെ സ്ഥിതിവിവര റിപ്പോര്‍ട്ട് ഡിസംബര്‍ 31നകം കാലാനുസൃതമാക്കണം. വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം, ജില്ലാ പഞ്ചായത്ത് ഗ്രാമസഭ എന്നിവ ജനുവരിയില്‍ തന്നെ പൂര്‍ത്തീകരിക്കാനാണ് പദ്ധതിയാവിഷ്‌ക്കരിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ തന്നെ വാര്‍ഷിക പദ്ധതിയും ബജറ്റും അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാര്‍ച്ചില്‍ തന്നെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയെടുക്കാനായാല്‍ ഏപ്രിലില്‍ പദ്ധതി നിര്‍വഹണം തുടങ്ങുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.