കോണ്‍ഗ്രസ്-സിപിഎം എംപിമാര്‍ നാണംകെടുത്തി

Friday 22 December 2017 2:30 am IST

ന്യൂദല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലും യോജിപ്പിലെത്താതെ കോണ്‍ഗ്രസ്-സിപിഎം എംപിമാരുടെ തരംതാണ രാഷ്ട്രീയക്കളി കേരളത്തിന് നാണക്കേടായി. പ്രധാനമന്ത്രിയെ കാണാനുള്ള എംപിമാരുടെ പ്രതിനിധിസംഘം പാര്‍ട്ടി അടിസ്ഥാനത്തില്‍ വേര്‍തിരിഞ്ഞതോടെ കേരളത്തിലെ സങ്കുചിത രാഷ്ട്രീയം മറ്റു സംസ്ഥാനങ്ങളിലെ എംപിമാര്‍ക്ക് പരിഹസിക്കാന്‍ വകനല്‍കി.

കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എംപിമാരാണ് ആദ്യം പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ കണ്ടത്. ഓഖി ദുരിതാശ്വാസമായി ധനസഹായം അഭ്യര്‍ത്ഥിച്ചായിരുന്നു കൂടിക്കാഴ്ച. തൊട്ടുപിന്നാലെ പി. കരുണാകരന്റെ നേതൃത്വത്തിലുള്ള ഇടത് എംപിമാരും മോദിയെ കണ്ടു. 7,380കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സന്ദര്‍ശനം. ബിജെപി പാര്‍ലമെന്റംഗങ്ങളായ പ്രൊഫ. റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെ ഒഴിവാക്കാനും ഇടതു വലത് എംപിമാര്‍ ശ്രദ്ധിച്ചു.

ലോക്‌സഭയിലെയും രാജ്യസഭയിലെയും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒരുമിച്ച് പ്രധാനമന്ത്രിയെ കണ്ട് ദുരിതാശ്വാസ ധനസഹായം ആവശ്യപ്പെടാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പ്രതിനിധിസംഘത്തില്‍ നിന്ന് കോണ്‍ഗ്രസ് ഏകപക്ഷീയമായി പിന്മാറിയെന്ന് സിപിഎം നേതാവ് പി. കരുണാകരന്‍ എംപി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ യുഡിഎഫ് സംഘത്തിന് സന്ദര്‍ശന അവസരം നല്‍കാതിരുന്നതിലുള്ള പ്രതിഷേധ സൂചകമായിട്ടാണ് ഇടത് എംപിമാര്‍ക്കൊപ്പം മോദിയെ കാണാന്‍ പോകാത്തതെന്ന് കോണ്‍ഗ്രസ് എംപിമാരും കുറ്റപ്പെടുത്തി.

ഓഖി ധനസഹായം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വ്യക്തത ഇല്ലാത്തത് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ തരത്തിലുള്ള തുകകള്‍ കേരളം ആവശ്യപ്പെടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.