ലാവ്‌ലിന്‍: പിണറായിക്കെതിരെ വ്യക്തമായ തെളിവുകള്‍

Friday 22 December 2017 2:30 am IST

ന്യൂദല്‍ഹി: ലാവ്ലിന്‍ അഴിമതിയിലെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സിബിഐ. പ്രതിപ്പട്ടികയില്‍നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി, മോഹന ചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ്. ഇവരെ ഒഴിവാക്കിയത് വിചാരണയെ ബാധിക്കും. സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നു. മൂന്ന് വാല്യങ്ങളിലായാണ് അപ്പീല്‍ സമര്‍പ്പിച്ചത്.

ചില വ്യക്തികളെ തെരഞ്ഞുപിടിച്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന ഹൈക്കോടതി വാദം ശരിയല്ല. കേസിന്റെ വിചാരണഘട്ടത്തിലാണ് തെളിവുകള്‍ പരിശോധിക്കേണ്ടത്. എന്നാല്‍ വിടുതല്‍ അപേക്ഷ പരിഗണിച്ച വിചാരണകോടതിയും ഹൈക്കോടതിയും കുറ്റപത്രത്തിലെ പഴുതുകളാണ് കണക്കിലെടുത്തത്. വിടുതല്‍ അപേക്ഷയില്‍ വിശദമായി തെളിവുകള്‍ പരിശോധിക്കരുതെന്ന 2014ലെ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണിത്.

വിചാരണ നേരിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നീ ഉദ്യോഗസ്ഥരുടെ പങ്ക് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും വേറിട്ട് കാണാനാവില്ല. ഇടക്കാല നടപടിയായി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സിബിഐ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.