ആധാര്‍ തുണച്ചു: യാചകന്‍ മടങ്ങിയത് കോടിപതിയായി

Friday 22 December 2017 2:51 am IST

ന്യൂദല്‍ഹി: യാചകനായി എത്തി, കോടിപതിയായി മടങ്ങി. നദാറിന് തുണയായത് ആധാര്‍ കാര്‍ഡും.തിരുനല്‍വേലി സ്വദേശി മുത്തിയാഹ് നദാറിന്റെ അനുഭവ കഥ നമ്മെ അമ്പരപ്പിക്കും.
യുപിയിലെ റായ്ബറേലിയിലെ റാല്‍പൂരിലാണ് സംഭവം. ആധാറിന്റെ സഹായത്തോടെയാണ് അവശനിലയില്‍ കണ്ടെത്തിയ ഭിക്ഷാടകന്‍ കോടിപതിയാണെന്ന് മനസിലാക്കിയത്.

റായ്ബറേലിയിലെ സ്വാമി ഭാസ്‌കര്‍ സ്വരൂപ് മഹാരാജിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്‍ഗ്രൂം സ്‌കൂളിന് സമീപം കഴിഞ്ഞ 13നാണ് അവശ നിലയില്‍ ഒരു യാചകനെ കണ്ടെത്തിയത്.
വിവരമറിഞ്ഞ സ്വാമി ഇയാളെ ആളെ അയച്ച് താമസസ്ഥലത്തേക്ക് എത്തിച്ചു. ഭക്ഷണം നല്‍കി.

അവശനായ ഇയാളെ കുളിപ്പിക്കുന്നതിനിടെ സ്വാമിയുടെ അനുയായികള്‍ക്ക് വസ്ത്രത്തിനുള്ളില്‍ നിന്നും ആധാര്‍ കാര്‍ഡും മറ്റ് രേഖകളും ലഭിച്ചു. ഇതില്‍ നിന്നാണ് പേര് മുത്തിയാഹ് നദാര്‍ എന്നാണെന്നും തിരുനല്‍വേലി സ്വദേശിയാണെന്നും തിരിച്ചറിഞ്ഞത്. ആധാര്‍ കാര്‍ഡുവഴി, ഇയാള്‍ക്ക് സ്ഥിരനിക്ഷേപമായി 1,06, 92,731 കോടി രൂപയാണുള്ളതെന്നും വ്യക്തമായി.

തുടര്‍ന്ന് സ്വാമി ആധാര്‍ കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ബിസിനസുകാരനാണ് ഇദ്ദേഹമെന്ന് തിരിച്ചറിഞ്ഞത്. കുടുംബാംഗങ്ങളെ വിവരമറിയിച്ചു. മകള്‍ ഗീത ആശ്രമത്തിലെത്തി ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മുത്തിയാഹിനെ മകള്‍ക്കൊപ്പം അയച്ചു. ആറു മാസം മുമ്പ് നടത്തിയ ട്രെയിന്‍ യാത്രയ്ക്കിടെയാണ് മുത്തിയാഹിനെ കാണാതായതെന്ന് മകള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.