മുപ്പതിനായിരം പേരുടെ ശമ്പളം ഒരു കോടിയില്‍ കൂടുതല്‍

Friday 22 December 2017 2:30 am IST

ന്യൂദല്‍ഹി : രാജ്യത്തെ 30,000 നികുതി ദായകരുടെ ശമ്പളം ഒരു കോടിയില്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. 2015- 16 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍കം ടാക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാവുന്നത്. രാജ്യത്തെ അഞ്ചു വ്യക്തികളുടെ വരുമാനം 100- 500 കോടിക്കുമിടയിലാണെന്നും ഇതില്‍ പറയുന്നുണ്ട്.

രാജ്യത്ത് ഒരു കോടിക്കും അഞ്ചു കോടിക്കുമിടയില്‍ ശമ്പളം വാങ്ങുന്ന 28,919 പേരാണുള്ളത്. 5- 10 കോടിക്കുമിടയില്‍ 1,228 പേരും, 10-25 കോടിക്കുമിടയില്‍ 346 പേരും ശമ്പളം വാങ്ങുന്നുണ്ട്. അതേസമയം 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യക്ഷ നികുതിയിനത്തിനുള്ള വരുമാനം 50 ശതമാനത്തില്‍ താഴെ 49.66 ശതമാനമായും താഴ്ന്നു. 2006- 2007നു ശേഷം ആദ്യമായാണ് പ്രത്യക്ഷ നികുതി ഇത്രയും താഴുന്നത്. മുന്‍ വര്‍ഷം ഇത് 51 ശതമാനം ആയിരുന്നെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സിബിഡിടി) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്.

ബുധനാഴ്ച പുറത്തുവിട്ട കണക്കുകളില്‍ 2014- 15 വര്‍ഷത്തില്‍ രാജ്യത്ത് 4.1 കോടി ആളുകള്‍ ആദായ നികുതി നല്‍കുന്നുണ്ട്. ഇതില്‍ 2 കോടി ആളുകളുടെ വരുമാനം നികുതി പരിധിയില്‍ താഴെയാണ്. ബാക്കി രണ്ടു കോടി ആളുകള്‍ക്ക് ശരാശരി വരുമാനമാണ്. നിലവില്‍ ഒരു കോടി നികുതി ദായകര്‍ മാത്രമാണ് ഒരു ലക്ഷത്തിനു മുകളില്‍ നികുതി അടയ്ക്കുന്നത്.

2016- 17ല്‍ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം 8.5 ലക്ഷം കോടിയായിരുന്നു. മുന്‍ വര്‍ഷം ഇത് 7.42 ലക്ഷം കോടിയായിരുന്നു. 2016- 17ല്‍ പരോക്ഷ നികുതി 8.6 ലക്ഷം കോടിയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രത്യക്ഷ നികുതി ഇനത്തിലുള്ള മൊത്തം നികുതി വരുമാനം കുറഞ്ഞു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2013- 14 കാലയളവില്‍ 56.32 ശതമാനമായിരുന്ന പ്രത്യക്ഷ നികുതി വരുമാനം. 2014- 15ല്‍ 56.16 ശതമാനവും, 2015- 16ല്‍ 51.03 ശതമാനമായും കുറഞ്ഞു. നികുതി നിരക്കുകള്‍ കുറച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഏഴംഗ സംമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.