സുപ്രീംകോടതിയെ വിചാരണക്കോടതി തള്ളി

Friday 22 December 2017 2:53 am IST

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ 2ജി സ്‌പെക്ട്രം ഇടപാടുകള്‍ക്കെതിരെ സുപ്രീംകോടതി സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണ് കേസിലെ സിബിഐ പ്രത്യേക കോടതി വിധി. 2ജി ലേലത്തിലും സ്‌പെക്ട്രം വിതരണത്തിലും ക്രമക്കേടുകള്‍ നടന്നെന്ന് പലതവണ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 2012ലെ ലേലത്തിലെ ക്രമക്കേട് കണ്ടെത്തിയ കോടതി 122 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. എന്നാല്‍, ഇതിനു വിരുദ്ധമായ വിധി വിചാരണ കോടതിയില്‍ നിന്നുണ്ടായതിന്റെ അമ്പരപ്പിലാണ് സിബിഐ. ദല്‍ഹി ഹൈക്കോടതിയില്‍ വിധിക്കെതിരെ സിബിഐ ഉടന്‍ അപ്പീല്‍ നല്‍കും. കേന്ദ്ര വും ശക്തമായ നിലപാടുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച 2ജി അഴിമതികള്‍ രണ്ടാം യുപിഎയിലും തുടര്‍ന്നു. അഴിമതി വാര്‍ത്തകള്‍ പുറത്തുവന്നതോടെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു, മേല്‍നോട്ടം സുപ്രീംകോടതി ഏറ്റെടുത്തു. ഇതേത്തുടര്‍ന്നാണ് ലേലം റദ്ദാക്കി ലൈസന്‍സുകള്‍ പിന്‍വലിച്ച് കോടതി വിധിയുണ്ടായത്. അതിനിടെ അന്വേഷണച്ചുമതലയില്‍ നിന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ മാറ്റാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 2014 നവംബറില്‍ സിന്‍ഹ വിരമിക്കുന്നതിന് രണ്ടാഴ്ച മുന്‍പിറക്കിയ ഉത്തരവ് അന്വേഷണം അട്ടിമറിക്കാന്‍ സിബിഐയില്‍ നടന്ന ശ്രമങ്ങളുടെ തെളിവാണ്.

യുപിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നെന്ന സൂചനകളാണ് പുറത്തുവരുന്നത്. ലേലം ചെയ്യാതെ ആവശ്യക്കാര്‍ക്ക് സൗജന്യമായി 2ജി സ്‌പെക്ട്രം നല്‍കി കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ലേലം നടത്താതെ സ്‌പെക്ട്രം സൗജന്യമായി നല്‍കിയ യുപിഎ സര്‍ക്കാരിന്റെ നടപടി വഴി 1.70 ലക്ഷം കോടി രൂപയാണ് ഖജനാവിന് നഷ്ടമായത് എന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.