കൂട്ടനാട്ടിലെ കുടിവെള്ളക്ഷാമം പരിഹാരം നീളുന്നു

Saturday 23 December 2017 2:28 am IST

കുട്ടനാട്: ശുദ്ധജലപദ്ധതികള്‍ ഏറെയുയുണ്ടെങ്കിലും കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാക്കനി. ചങ്ങനാശ്ശേരി, തിരുവല്ല പ്രദേശങ്ങളിലെ ജനങ്ങള്‍ക്കാണ് കുട്ടനാട് പദ്ധതിയിലെ വെളളം കിട്ടുന്നത്.
കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് തലവടിയില്‍ ട്രീറ്റ്‌മെന്റ് പഌന്റ് സ്ഥാപിച്ചെങ്കിലും പഌന്റ് പ്രവര്‍ത്തിക്കുന്ന വാര്‍ഡില്‍ പോലും കുടിവെളളം കിട്ടുന്നില്ല. തലവടി, മുട്ടാര്‍, രാമങ്കരി, നീലംപേരൂര്‍, കൈനകരി, എന്നിവടങ്ങളില്‍ ഓവര്‍ ഹെഡ് ടാങ്കുകള്‍ നിര്‍മ്മിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പമ്പിങ് ഇല്ല.
കുട്ടനാട്ടില്‍ സ്ഥാപിച്ച പൈപ്പുകള്‍ കാലഴക്കത്തില്‍ തകര്‍ന്നു. ഇവ മാറ്റി സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോ ജനപ്രതിനിധികളോ ഒന്നും ചെയ്തില്ല. 70 കോടിയുടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും യാഥാര്‍ത്ഥ്യമായില്ല.
നിലവിലുളള സംവിധാനം മെച്ചപ്പെടുത്തി ശുദ്ധ ജലവിതരണം നടത്തുന്നതിന് പകരം വളളത്തിലും വാഹനങ്ങളിലും നടത്തുന്ന ജലവിതരണം നഷ്ടപ്പെടുത്തുന്നത് കോടികളാണ്.
സമുദ്‌റനിരപ്പില്‍ നിന്ന് താഴ്ന്നുകിടക്കുന്നതിനാല്‍ കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ച് ശുദ്ധജലം ശേഖരിക്കാന്‍ കുട്ടനാട്ടുകാര്‍ക്ക് സാധിക്കില്ല.
പൊതുടാപ്പുകളിലെ വെളളംതന്നെയാണ് ആശ്രയം. കുട്ടനാട് പാക്കേജില്‍ ആര്‍ഒ പഌന്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പല പഞ്ചായത്തുകളും പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നതില്‍ താല്പര്യം കാട്ടിയില്ല. പദ്ധതി പ്രകാരം പണം കൊടുത്ത് കുടിവെളളം വാങ്ങേണ്ടിവരും.
കുട്ടനാട്ടിലെ പഞ്ചായത്തുകള്‍ക്ക് വേണ്ടത്ര വരുമാനം ഇല്ലാത്തതും തടസമായി.കുട്ടനാട്ടില്‍ നദീജലംശുദ്ധീകരിച്ച് കുടിവെളളമെത്തിക്കുന്നതിന് രൂപംകൊടുത്ത പദ്ധതി പൂര്‍ണ്ണതയിലെത്തിക്കുവാന്‍ കഴിഞ്ഞില്ല.
പുനര്‍നിര്‍മാണം നിലച്ചു
ജനങ്ങള്‍ ദുരിതത്തില്‍
ചേര്‍ത്തല: പുനര്‍നിര്‍മാണത്തിനായി പൊളിച്ച ചേര്‍ത്തല തണ്ണീര്‍മുക്കം റോഡ് പണി നിലച്ചു. യാത്രക്കാര്‍ ദുരിതത്തില്‍.
ആറു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ജെസിബി ഉപയോഗിച്ചാണ് പൊളിച്ചത്. പണി മുടങ്ങിയതോടെ കാല്‍നടയാത്രപോലും ദുസഹമായിരിക്കുകയാണ്. നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യത്തിന്റെ പേരിലാണ് കരാറുകാരന്‍ പണി നിര്‍ത്തിവെച്ചതെന്നാണ് വിവരം. കാളികുളം മുതല്‍ പഞ്ചായത്ത് കവല വരെ റോഡ് മെറ്റിലിട്ട് സോളുചെയ്തിട്ടുണ്ട്.
റോഡില്‍ വാഹനഗതാഗതം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊതുനിരത്ത് വിഭാഗം മുന്നറിയിപ്പ് നല്‍കാത്തത് ദീര്‍ഘദൂരയാത്രക്കാരെ അടക്കം വലക്കുകയാണ്. കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളും അടക്കമുള്ള വാഹനങ്ങള്‍ ഇതുമൂലം ഏറെ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
പ്രധാന കവലകളായ കാളികുളം, വാരനാട്, പഞ്ചായത്ത് കവല എന്നിവിടങ്ങള്‍ വീതി കൂട്ടി നിര്‍മിക്കാനാണ് പദ്ധതി. റോഡരികിലെ വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകളും, പാഴ് വൃക്ഷങ്ങളും ഇതിനായി മുറിച്ചുമാറ്റേണ്ടതുണ്ട്.
അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കണം. കുണ്ടുവളവില്‍ കയര്‍ ഭൂവസ്ത്രം വിരിക്കാനും പദ്ധതി തയാറാക്കിയിരുന്നെങ്കിലും തുടര്‍നടപടി ആയിട്ടില്ല. പുനര്‍ നിര്‍മാണത്തിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന നടപടി തുടര്‍ന്നാല്‍ പൊതുമരാമത്ത് ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍ പ്രസിഡന്റ് വേളോര്‍വട്ടം ശശികുമാര്‍ മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.