പെണ്‍കുട്ടികളെ തടവിലാക്കിയ ആശ്രമാധിപനെ ഉടന്‍ കണ്ടെത്തണം: കോടതി

Saturday 23 December 2017 2:47 am IST

ന്യൂദല്‍ഹി: നിയമവിരുദ്ധമായി പെണ്‍കുട്ടികളെ തടവില്‍പാര്‍പ്പിച്ചിരിക്കുന്ന ഉത്തര ദല്‍ഹിയിലെ ആധ്യാത്മിക വിശ്വ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വീരേന്ദ്ര ദേവ് ദീക്ഷിതിനെ ഉടന്‍ കണ്ടെത്തണമെന്ന് ദല്‍ഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
വീരേന്ദ്ര ദേവ് ദീക്ഷിതിനോട് ജനുവരി അഞ്ചിനകം ഹാജരാകണമെന്നും ആക്ടിങ്ങ് ചീഫ് ജസ്റ്റീസ് ഗീതാ മിറ്റലും ജസ്റ്റീസ് സി ഹരി ശങ്കറും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളെ നിയമവിരുദ്ധമായി തടവിലാക്കിയിട്ടില്ലെന്ന ആശ്രമത്തിന്റെ അവകാശവാദത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. പെണ്‍കുട്ടികള്‍ സ്വതന്ത്രരാണെങ്കില്‍ അവരെ മുറികളില്‍ അടച്ചിടുന്നതെന്തിനാണ്. സ്ഥാപകന്‍ സത്യസന്ധനാണെങ്കില്‍ രംഗത്തുവരാത്തതെന്താണെന്നും കോടതി ചോദിച്ചു. ആശ്രമത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കോടതി ആരാഞ്ഞു.

ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടവിലാക്കിയിരുന്നതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. അതിനിടെ ആശ്രമത്തില്‍ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരുന്ന നാല്‍പ്പതിലേറെ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. ഉടന്‍ തന്നെ വീരേന്ദ്ര ദേവ് ദീക്ഷിത് അറസ്റ്റിലാകുമെന്നും അവര്‍ വെളിപ്പെടുത്തി.

കോടതിയുടെ നിര്‍ദേശ പ്രകാരം പോലീസ് കഴിഞ്ഞ ദിവസം ആശ്രമത്തില്‍ റെയ്ഡ് നടത്തിയിരുന്നു. സ്വാതി മലിവാളിന്റെ സാന്നിദ്ധത്തിലായിരുന്നു പരിശോധന.
മകളെ തനിക്ക് നല്‍കാന്‍ സമ്മതമാണെന്ന് മാതാപിതാക്കളില്‍ നിന്ന് ദീക്ഷിത് മുദ്ര പത്രത്തില്‍ ഒപ്പിട്ടുവാങ്ങിയിരുന്നതായി മെയില്‍ ടുഡേ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആശ്രമത്തിലെത്തിയാല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരകളാകും. 18 തികയുന്നവര്‍ ദീക്ഷിതിനൊപ്പം തങ്ങാമെന്ന് എഴുതി ഒപ്പിട്ടുനല്‍കണം. കുട്ടികളെ സംരക്ഷിക്കുന്നതിന് ഭീമമായ തുക മാതാപിതാക്കളില്‍ നിന്ന് ഈടാക്കിയിരുന്നതായും പത്രം ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.