2ജി സ്‌പെക്ട്രം സിബിഐ കോടതി വിധിയില്‍ മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

Saturday 23 December 2017 2:46 am IST

ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം വിതരണത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കാഴ്ചക്കാരനാക്കി പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതായി കോടതി നിരീക്ഷണം. ടെലികോം മന്ത്രി എ.രാജ നല്‍കിയ കത്തിലെ പ്രസക്തവും വിവാദവുമായ ഭാഗങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പുലോക് ചാറ്റര്‍ജിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരും മന്‍മോഹന്‍ സിങ്ങില്‍നിന്നും മറച്ചുവെച്ചതായി വിധിന്യായത്തില്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി. സെയ്‌നി വ്യക്തമാക്കി.

അഴിമതി കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. കോടതി വിധി ആഘോഷത്തിനുള്ള അവസരമാക്കിയ കോണ്‍ഗ്രസ്സിന് പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ പരാമര്‍ശം തിരിച്ചടിയായി. അപേക്ഷകരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും സ്‌പെക്ട്രത്തിന്റെ കുറവും ചൂണ്ടിക്കാട്ടി 2007 നവംബര്‍ രണ്ടിനാണ് രാജ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ട്രായി, ടെലികോം കമ്മീഷന്‍ എന്നിവര്‍ ലേലത്തിന് നിര്‍ദ്ദേശിക്കുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. കത്ത് പരിശോധിക്കാന്‍ മന്‍മോഹന്‍ ടി.കെ.എ നായരോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പുലോക് ചാറ്റര്‍ജി കത്ത് പരിശോധിച്ച് അഞ്ച് പേജുള്ള കുറിപ്പ് കൈമാറി. ലൈസന്‍സുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച വിവാദ വിവരങ്ങളില്ലാതെയായിരുന്നു ചാറ്റര്‍ജി കുറിപ്പ് തയ്യാറാക്കിയത്. വലിയ നീളത്തിലുള്ള കുറിപ്പ് വായിക്കാന്‍ പ്രധാനമന്ത്രിക്ക് സമയം കിട്ടിയിട്ടുണ്ടാവില്ലെന്നും ടെലികോം സെക്രട്ടറിയുമായുള്ള ചാറ്റര്‍ജിയുടെ സംഭാഷണം ചൂണ്ടിക്കാട്ടിയ കോടതി ചാറ്റര്‍ജിയായിരിക്കാം അനുമതി നല്‍കിയതെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിനെ അകറ്റിനിര്‍ത്താന്‍ ആഗ്രഹിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബി.വി.ആര്‍. സുബ്രഹ്മണ്യത്തിന്റെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത് രാജയുടെ ഉദ്യോഗസ്ഥരെയല്ലെന്നും മറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരെയാണെന്നും കോടതി വ്യക്തമാക്കി. അപേക്ഷകര്‍ക്കുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതാണ് പ്രധാനമായും വിവാദമായത്.

ഇത് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചില്ല. പിന്നീട് ലൈസന്‍സുകള്‍ നല്‍കിക്കഴിഞ്ഞപ്പോഴാണ് മന്‍മോഹനെ ഇക്കാര്യം പുലോക് ചാറ്റര്‍ജി അറിയിച്ചത്. ഇതിനോട് മന്‍മോഹന്‍ വിയോജിച്ചു. കോടതി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.