സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങി ദര്‍ശീല്‍ സഫാരി

Friday 22 December 2017 9:47 pm IST

കോഴിക്കോട്: സിനിമയില്‍ വീണ്ടും സജീവമാകാനൊരു ങ്ങുകയാണ് താരേ സമീര്‍ പര്‍ എന്ന ചിത്രത്തില്‍ ബാലതാരമായെത്തി പ്രേക്ഷകഹൃദയം കീഴടക്കിയ ദര്‍ശീല്‍ സഫാരി. പത്തു വര്‍ഷത്തിനു ശേഷം വീണ്ടും അഭിനയ രംഗത്ത് എത്തുമ്പോള്‍ നല്ല വേഷങ്ങള്‍ ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ദര്‍ശീല്‍ കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറച്ചുകാലമായി പഠനത്തിന്റെ തിരക്കിലായിരുന്നു. പരീക്ഷ കഴിഞ്ഞാല്‍ സിനിമയില്‍ സജീവമാകുമെന്നും ദര്‍ശീല്‍ പറഞ്ഞു.
2007ല്‍ താരേ സമീര്‍ പര്‍ സിനിമയിലൂടെ ബാലതാരമായി എത്തിയ ദര്‍ശീല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അമീര്‍ ഖാനൊപ്പം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞത് ഏറ്റവും നല്ല അനുഭവമായിരുന്നുവെന്ന് ദര്‍ശീല്‍ പറയുന്നു. 2010 ല്‍ ബും ബും ബോലെയിലും 2012ല്‍ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ എന്ന ചിത്രത്തിലും ബാലതാരമായി വേഷമിട്ടു. പിന്നീട് ഡാന്‍സ് റിയലാറ്റി ഷോകളിലുടെയും ഷോര്‍ട്ട് ഫിലിം സംവിധാനവും അഭിനയവുമായി മേഖലയില്‍ തന്നെ ഉണ്ടായിരുന്നു. പഠനത്തിനു വേണ്ടി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍ മലയാള സിനിമയില്‍ മോഹന്‍ ലാലിനെ ഏറെ ഇഷ്ടമാണ്. ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് കണ്ടിട്ടുണ്ടെന്നും ദര്‍ശീല്‍ പറഞ്ഞു. നിലവില്‍ തിയറ്റര്‍ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കാറുണ്ട്.
കേരളം തന്നെ വല്ലാതെ ആകര്‍ഷിച്ചു. ഇത്രമേല്‍ പച്ചപ്പുള്ള നാട് മറ്റെവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല, അടുത്ത അവധിക്കാലം ചെലവഴിക്കാന്‍ കുടുംബത്തോടൊപ്പം കേരളത്തിലെത്തുമെന്നും ദര്‍ശീല്‍ പറഞ്ഞു.
നിലമ്പൂര്‍ പീവിസ് പബ്ലിക്ക് സ്‌ക്കൂളിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദര്‍ശീല്‍. അക്കാദമിക കാര്യങ്ങള്‍ക്കപ്പുറം കുട്ടികളുടെ വ്യക്തിത്വ വികാസത്തിനാണ് പീവീസ് സ്‌കൂള്‍ പ്രാധാന്യം നല്‍കുന്നതെന്ന് പീവീസ് മോഡല്‍ സ്‌കൂള്‍ ഡയറക്ടര്‍ ജാബിര്‍ അബ്ദുല്‍ വഹാബ് പറഞ്ഞു. അജ്മല്‍ വഹാബ്, ജാവേദ് അബ്ദുല്‍ വഹാബ്, ഹാരിസ് മടപ്പള്ളി എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.