''വെട്ടേറ്റ് വീണ് കിടന്നത് കണ്ട പോലീസുകാരനും തിരിഞ്ഞു നോക്കിയില്ല''

Friday 22 December 2017 9:48 pm IST

കോഴിക്കോട്: ”അഞ്ചരക്കണ്ടിയില്‍ നിന്ന് ജോലി കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയായിരുന്നു. സിഎച്ച് നഗര്‍ കഴിഞ്ഞ് സിപിഎം നേതാവ് കാരായി രാജന്റെ വീടിനടുത്തെത്തിയപ്പോള്‍ 4 ബൈക്കുകളില്‍ എത്തിയ ആളുകള്‍ തുരുതുരെ വെട്ടുകയായിരുന്നു. ഹെല്‍മെറ്റ് ഉണ്ടായിരുന്നു. വണ്ടിയില്‍ നിന്നു ഞാന്‍ തെറിച്ചു വീണു. കാലും കൈയും പിടീച്ച് വെച്ച് വെട്ടുകയായിരുന്നു. കാല് കൊത്തിയെടുക്കെടാ എന്ന് അവര്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. രക്ഷിക്കാന്‍ വരുന്നവരെയൊക്കെ അവര്‍ ആട്ടിയകറ്റി. അടുത്തെത്തിയ മെഹറൂഫ് എന്ന പോലീസുകാരനെ എനിക്ക് പരിചയമുണ്ടായിരുന്നു. എന്നാല്‍ അയാള്‍ എന്നെ കണ്ടപ്പോള്‍ മാറിപ്പോവുകയായിരുന്നു. ഏറെക്കഴിഞ്ഞിട്ടും പോലീസുകാര്‍ ആരും എത്തിയില്ല. ഒരു ഓട്ടോറിക്ഷക്കാരന്‍ എത്തി ആരെങ്കിലും വണ്ടിയില്‍ കയറ്റാന്‍ സഹായിക്കൂ, ഞാന്‍ ആശുപത്രിയില്‍ എത്തിക്കാം എന്നു പറഞ്ഞതോടെയാണ് അവരില്‍ ചിലര്‍ സഹായിച്ചത്….”
സിപിഎം ക്രിമിനല്‍ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസ് കതിരൂര്‍ മണ്ഡല്‍ കാര്യവാഹ് പ്രവീണിന്റെ വാക്കുകള്‍. വെട്ടേറ്റു കിടക്കുന്നത് കണ്ട പോലീസ് പ്രവീണാണോ എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു.
തെരുവില്‍ മാരകമായി വെട്ടേറ്റ് അര മണിക്കൂറോളം കിടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല. കണ്ണൂരില്‍ സിപിഎം അക്രമത്തിന് പിന്തുണ നല്‍കുന്ന പോലീസിന്റെ നിലപാടാണ് പ്രവീണ്‍ സ്വന്തം അനുഭവത്തിലൂടെ വിവരിക്കുന്നത്.
രണ്ടു മാസം മുന്‍പ് , കതിരൂരിലും , ഇപ്പോള്‍ കൂത്ത് പറമ്പു പോലീസ് സ്‌റ്റേഷനിലും ജോലി ചെയ്യുന്ന മെഹറൂഫ് എന്ന പോലീസുകാരനാണ് മാരകമായി വെട്ടേറ്റു കിടക്കുന്ന പ്രവീണിനെ തിരിച്ചറിഞ്ഞിട്ടും ഒന്നുംചെയ്യാതെ തിരിഞ്ഞ് നടന്നത്.
ഇക്കഴിഞ്ഞ പത്തൊമ്പതിന് സിപിഎമ്മുകാരുടെ വേട്ടേറ്റത് ആറോളം ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകര്‍ക്കാണ് . എല്ലാ അക്രമവും വളരെ ആസൂത്രിതമായിരുന്നു . കതിരൂര്‍ പുേല്യാട് വെച്ചാണ് ബൈക്കിലെത്തിയ സംഘം പ്രവീണിനിനെ ആക്രമിച്ചത്.
സിപിഎം അക്രമത്തിന് പോലീസിന്റെ ഒത്താശയുണ്ടെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് കണ്ണൂരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍. കേസ് രജിസ്റ്റര്‍ ചെയ്യുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാതെ സിപിഎമ്മുകാര്‍ക്ക് സൈ്വര്യ വിഹാരം നടത്താനുള്ള അവസരമാണ് പോലീസ് സൃഷ്ടിക്കുന്നത്. വെട്ടേറ്റ് കിടക്കുന്ന ആളെ ആശുപത്രിയിലേത്തിക്കാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല.
സമാനതകളില്ലാത്ത അക്രമമാണ് കണ്ണൂരില്‍ നടക്കുന്നതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സിക്രട്ടറി എം ടി രമേശ് പറഞ്ഞു. പ്രവീണിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് സിപിഎമ്മിന് ഒത്താശ ചെയ്യുകയാണ്. ആഭ്യന്തരവകുപ്പ് പൂര്‍ണ്ണമായും പാര്‍ട്ടിവല്‍കരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസത്തിനിടയില്‍ ഇരുപതില്‍ പരം ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകര്‍ക്കാണ് കണ്ണൂരില്‍ വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.