ആവിഷ്‌ഘോര സ്വാതന്ത്ര്യം!

Saturday 23 December 2017 2:45 am IST

ജീവിതങ്ങള്‍ ചരിത്രമാക്കുന്ന ഏര്‍പ്പാടാണ് ഗ്രന്ഥകാരന്റെ. സാഹിത്യവും കലയും ജീവചരിത്രകഥനവുമൊക്കെ സമന്വയിപ്പിച്ചാണ് ആധുനികോത്തര സര്‍ഗ്ഗപ്രക്രിയ. സൃഷ്ടികളില്‍ മാജിക്കല്‍ റിയലിസം വരെ പരീക്ഷിക്കും. ‘ജിന്നന്‍’ എന്ന തൂലികാനാമത്തില്‍ പ്രകാശിക്കപ്പെടുന്ന ജീവചരിത്രങ്ങള്‍ക്ക് ചൂടപ്പത്തിന്റെ സ്വീകാര്യതയാണ് അക്ഷരക്കമ്പോളത്തില്‍. കേവലം ഒരു കൊട്ട അപ്പങ്ങള്‍ കൊണ്ട് കോടാനുകോടികളെ ഊട്ടുന്നതാണ് പ്രതിഭയുടെ മാസ്മരികത!

എത്രയോ പ്രസിദ്ധരെ കുപ്രസിദ്ധരും, അത്രതന്നെ കുപ്രസിദ്ധരെ പ്രസിദ്ധരുമാക്കിയിട്ടുണ്ട് ജിന്നന്റെ തൂലിക. വാളായും പരിചയായും രൂപാന്തരം പ്രാപിക്കുന്ന അതിന്റെ അസാമാന്യ പാടവം വിവരണാതീതമാണ്. പരേതര്‍ ആത്മാക്കളായും മൃത്യുവരിക്കാത്തവര്‍ ജീവനോടെയും വന്ന് ബഹുഭാഷാ പണ്ഡിതനോട് കുണ്ഠിതമേതുമില്ലാതെ തങ്ങളുടെ ജീവചരിത രചനയ്ക്കായി അപേക്ഷിക്കാറുണ്ട്. സമീപകാലത്ത് ഒരു മൃതദേഹം ശ്മശാനത്തിലേക്കുള്ള യാത്രാമദ്ധ്യേ, തന്റെ ജീവചരിത്രം കാച്ചിപ്പൊരിക്കാമോ എന്ന് പണ്ഡിതരോട് അഭ്യര്‍ത്ഥിച്ചു. തന്റെ ജൈവകഥയ്ക്ക് ‘പലിശക്കാരന്‍ പവിത്രന്‍’ എന്ന തലക്കെട്ടുപോലും ശവം നിര്‍ദ്ദേശിച്ചത്രേ. ഒടുവില്‍ പ്രകാശിക്കപ്പെട്ട ‘ഒരു തീവ്രവാദിയുടെ ജീവചരിത്ര’ത്തിന്റെ ആമുഖത്തില്‍ ജിന്നന്‍ തന്നെ വെളിപ്പെടുത്തിയതാണ് പ്രസ്തുത വസ്തുതകള്‍. കഥാവശേഷരുടേയും കഥകഴിക്കാത്തവരുടേയും കഥയില്ലാത്തവരുടേയും ഒക്കെ ഗാഥകള്‍ ഐന്ദ്രജാലികന്‍ ഒരേ ചാരുതയോടെയാണ് കഥിക്കുക പതിവ്!

‘ചോപ്പ് നക്ഷത്രങ്ങളെ’ന്നാണ് ജിന്നന്‍ ചമയ്ക്കുന്ന ജീവചരിത്രങ്ങളെ വിപ്ലവദാര്‍ശനികര്‍ വിലയിരുത്തി വാഴ്ത്താറ്. ‘ബൂര്‍ഷ്വകളുടെ പോക്കറ്റടിക്കാരന്‍’, ‘നമ്മളുകൊയ്യും വയലുകളിലെ കാര്‍കൃഷിക്കാരനായ സഖാവ് മുതലാളി,’ ‘നിങ്ങളെന്നെ കഷ്ടത്തിലാക്കി’, ‘വണ്‍ റ്റൂ ത്രീ ആശാന്‍’…. ഇത്യാദി ഗ്രന്ഥങ്ങള്‍ അവയില്‍ ചിലതു മാത്രം. ‘വഴികാട്ടിക’ളെന്നാണ് മൂപ്പരുടെ ആശ്ചര്യസൃഷ്ടികളെ അഹിംസാവാദികളായ ബുദ്ധിജീവികള്‍ ഉദ്‌ഘോഷിക്കാറ്. ‘പരമ്പരാഗതന്‍’, ‘ഇറച്ചിവെട്ടുജി’ എന്നിവയാണ് ടിയാരുടെ ഇഷ്ടകൃതികള്‍. നവസംസ്‌കൃതിയിലെ കൃതികള്‍ വികൃതികളുടെ കുസൃതികളാകുന്നുവല്ലോ!

പ്രതിഭാശാലിയായ ജിന്നന്‍ ഒട്ടേറെ തവണ അവാര്‍ഡിതനായിട്ടുണ്ട്. സമുന്നത സമ്മാനസംഖ്യകള്‍, സമൃദ്ധമായ സമാദരങ്ങള്‍, പുകള്‍പെറ്റ പുരസ്‌കാരങ്ങള്‍ തുടങ്ങിയവയെക്കാളൊക്കെ അദ്ദേഹം വിലമതിക്കുന്നത് ജനഹൃദയങ്ങളിലുള്ള സ്ഥാനമാനങ്ങളാണ്. ഹൃദയങ്ങളില്‍ പോരാഞ്ഞിട്ട് ചില സഹൃദയന്മാര്‍ ശ്രേഷ്ഠ ശൈലിക്ക് ഭംഗംവരുത്താനെന്നവണ്ണം, ചരിത്രമീമാംസകനെ അവരുടെ കരളുകളിലും സ്ഥാപിച്ചിട്ടുണ്ട്. ജിന്നന്‍ രചിച്ച ജീവചരിത്രങ്ങള്‍ പലതും അഭ്രപാളികളില്‍ മഹത്തായ കലാസൃഷ്ടികളായി കളക്ഷന്‍ റെക്കാര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്; കൂടാതെ കൊട്ടകകളിലെ മറ്റ് അമൂല്യ വസ്തുക്കളും! മിക്ക ചലച്ചിത്രങ്ങളുടേയും തിരക്കഥകള്‍ ക്രാന്തദര്‍ശിയുടെ കരവിരുതില്‍ തളിരിട്ടവയാണ്.

പ്രശസ്തിയുടെ കൊടുമുടിയില്‍ വാഴ്‌കെ ഒരിക്കല്‍ ജിന്നന്‍ വിചിന്തിച്ചു: തന്നെ താനാക്കിയത് ആരാ? നിമിഷാര്‍ദ്ധത്തില്‍ തന്നെ ആ സ്വത്വവിചാരത്തിനുള്ള മറുപടിയും സിദ്ധിച്ചു. തന്റെ പിതാവും പിന്നെ മാതാവും. അല്ലാതാരാ? പരിചിതരും അപരിചിതരുമായ പലര്‍ക്കും താന്‍ ജീവചരിത്രങ്ങളുണ്ടാക്കി. ആത്മാക്കളില്ലാത്തവര്‍ക്ക് പോലും ആത്മകഥകള്‍ സൃഷ്ടിച്ച് സമ്മാനിച്ചു. ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ നിപതിച്ചവരെ വരെ ചരിത്രപുരുഷന്മാരാക്കി. നിര്‍ജ്ജീവമായ എത്രയെത്ര ജീവിതങ്ങളെ സംഭവബഹുലമാക്കി; ആകര്‍ഷണീയമാക്കി. ഇനി തന്റെ പിതാവിന്റേയും മാതാവിന്റേയും ജീവചരിത്രങ്ങളാകട്ടെ പുസ്തകച്ചന്തകളിലെ മികച്ച ഉല്‍പന്നങ്ങള്‍.

ബെസ്റ്റ് സെല്ലേഴ്‌സ്! അക്ഷരവില്‍പനയിലൂടെ പിതാവിനേയും മാതാവിനേയും പ്രശസ്തരാക്കാം. ഒന്നുമില്ലെങ്കിലും തന്റെ മാതാപിതാക്കളാണെന്ന അസാമാന്യത പോരേ ടിയാര്‍ക്ക് വിഖ്യാതരാകാന്‍. ജീവചരിത്ര രചനയിലെ ബാക്കി കച്ചവടതന്ത്രങ്ങള്‍ തന്റെ തന്ത്രജ്ഞയായ തൂലിക നിര്‍വ്വഹിച്ചളയും. തന്റെ ഒരു കാര്യേ…!
ആദ്യം പിതാവിനെ തന്നെ ഇതിഹാസമാക്കാം! ഐതിഹാസിക ജിന്നന്‍ തീരുമാനിച്ചു.
സ്‌നേഹസമ്പന്നതയ്ക്കുമേല്‍ തനയന്‍ ഔപചാരികമായി വിവരം താതന്‍തായ് ദ്വന്ദ്വത്തെ അറിയിച്ചു:
”വൈകാതെ അച്ഛനേയും അമ്മയേയും ഞാന്‍ ജീവചരിത്രങ്ങളാക്കും.”
”മനസ്സിലായില്ല…”
ജനയിതാവും ജനയിത്രിയും അമ്പോ എന്ന് അമ്പരന്നു. ആത്മജന്‍ മൊഴിഞ്ഞു :
”ജീവിക്കുകയല്ല, ഇനി നിങ്ങള്‍ വായിക്കപ്പെടുകയാണ് വേണ്ടത് !”
”അതിനുമാത്രം ഞങ്ങളൊന്നും ചെയ്തിട്ടില്ലല്ലോ…”
ഒരു കുറ്റവും ചെയ്യാത്തവര്‍ എന്ന അന്തഃപ്രജ്ഞയില്‍ അന്തര്‍ലീനമായിരുന്നു ജന്മദാതാക്കളുടെ ഗദ്ഗദം. അഥവാ ആ മട്ടിലായിരുന്നു നിഷ്‌കളങ്കമായ മാതൃപിതൃ വചനം. ഉത്തമപുത്രന്‍ ഉത്തമോത്തമം ഉടന്‍ ഉരിയാടി :
”എന്റെ തൂലികയുണ്ടല്ലൊ നിങ്ങളുടെ ജീവിതങ്ങള്‍ സംഭവബഹുലമാക്കാന്‍, ആസ്വാദ്യകരമാക്കാന്‍.”
”എന്നാലും അതു വേണോ…?”
അമാന്തിച്ചാണ് അമ്മ അങ്ങനെ ചോദിച്ചത്. ജിന്നന്‍ സര്‍ഗ്ഗാത്മകമായി മന്ദഹസിച്ചു:
”കാലക്രമത്തില്‍ നിങ്ങളുടെ ജീവചരിത്രങ്ങള്‍ ഇവന്‍ സിനിമയുമാക്കും.”
പിതാവ് മാതാവിനെ നോക്കി ‘ന്നാ ആയ്‌ക്കോട്ടേ’ എന്നു ചിരിച്ചതോടെ ആ രംഗത്തിനു സമാപനമായി.
പ്രതീക്ഷിച്ചതിലും വേഗത്തില്‍ പിതാവിന്റെ ജീവചരിത്രം ജിന്നന്‍ പൂര്‍ത്തിയാക്കി ആദരപൂര്‍വ്വം അദ്ദേഹത്തിനു സമര്‍പ്പിച്ചു. ഒന്നാം അദ്ധ്യായത്തിന്റെ ശീര്‍ഷകം തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെടാന്‍ സാദ്ധ്യതയുള്ള ഒന്നായിരുന്നു: ‘ബാലചാപല്യം’! കുട്ടിക്കാലത്തെ ക്രീഡകള്‍, ദാരിദ്ര്യം, പഠനത്തിലെ മികവുകള്‍ തുടങ്ങി പിതാവിന്റേതുള്‍പ്പെടെ ജീവിച്ചിരിക്കുന്ന സര്‍വ്വചരാചരങ്ങളുടേയും സ്മൃതിപഥങ്ങളില്‍ ഇല്ലാത്ത സംഭവങ്ങളുടെ വിവരണമായിരുന്നു അതില്‍. പക്ഷേ, ബാല്യത്തിലെ സമ്പന്നതയും പഠനത്തിലെ പിന്നാക്കാവസ്ഥയും ശൈശവത്തില്‍ ക്രീഡകളോടുണ്ടായിരുന്ന താല്‍പര്യക്കുറവുമാണ് പിതാവിന്റെ നേര്‍ത്ത ഓര്‍മ്മകളില്‍ നിഴലിച്ചിരുന്നത്. എന്നാല്‍, മകന് പൂര്‍വ്വകാലം കണ്ടെത്താനുള്ള അത്ഭുതസിദ്ധിയുണ്ടായിരിക്കാമെന്ന് അച്ഛന്‍ സ്വയം വിശ്വസിപ്പിച്ചു.
ജീവചരിത്രത്തിന്റെ ‘മറിയാമ്മ’ എന്ന മൂന്നാമത്തെ അദ്ധ്യായം വായിച്ചപ്പോഴാണ് പിതാവ് അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധനായത്. പിതാവിന് അയല്‍ക്കാരിയായ മറിയാമ്മ എന്ന സ്ത്രീയുമായി അവിഹിതബന്ധമുണ്ടായിരുന്നു എന്ന പ്രസ്താവനയോടെ തുടങ്ങുന്ന പ്രസ്തുത അദ്ധ്യായം താതനും മറിയാമ്മയുമായുള്ള അവിഹിതവേഴ്ചകളുടെ സമ്പൂര്‍ണ്ണ വിവരണമാണ്. അനുവാചകരുടെ അന്തരാനുഭൂതിക്കായി അളവറ്റ അശ്ലീലത്തെ ആദ്യന്തം ആധുനികോത്തരന്‍ അസങ്കീര്‍ണമാക്കിയിരുന്നു; ശേഷിക്കുന്ന അവാസ്തവങ്ങളെ അതിസങ്കീര്‍ണവും….
വ്യാകുലപിതാവ് ചിന്ത്രാക്രാന്തനായി. തങ്ങള്‍ക്ക് ഒരിക്കലും മറിയാമ്മ എന്ന പേരില്‍ ഒരയല്‍ക്കാരിയും ഉണ്ടായിരുന്നില്ല. മറിയാമ്മ എന്നു പേരുള്ള ഏതെങ്കിലുമൊരു സ്ത്രീയെ നാളിതുവരെ കണ്ടിട്ടുപോലുമില്ല. താന്‍ ഒരവിഹിതബന്ധത്തിനും പോയിട്ടുമില്ല. ഏകപത്‌നീ വ്രതം എന്ന ഭര്‍ത്തൃധര്‍മ്മം അനുഷ്ഠിക്കുന്നവനാണ് താന്‍. സര്‍വ്വോപരി തന്റെ ഭാര്യയുടെ മുഖം തന്നെ മകന്‍ വലുതായ ശേഷമാണ് ശരിക്ക് കാണുന്നത്. പിന്നെ, എന്തിനാണ് അവന്‍ ഇമ്മാതിരി തോന്ന്യാസങ്ങളും പച്ചക്കള്ളങ്ങളും തന്റെ ജീവചരിത്രത്തില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത്!
ജിന്നന്‍ ആഗതനായപ്പോള്‍ അമര്‍ഷത്തോടെ പിതാവ് ചോദിച്ചു:
”ഏതാടാ ഈ മറിയാമ്മ?”
”അത് ഞാന്‍ സാങ്കല്‍പികമായി സൃഷ്ടിച്ച ഒരു കഥാപാത്രമാണച്ചാ. ആദ്യം വിലാസിനിയെന്നോ തങ്കമണിയെന്നോ പേരിടാമെന്നാണ് ഞാന്‍ കരുതിയത്. കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള്‍ക്ക് കൂടുതല്‍ അനുയോജ്യമായ നാമം മറിയാമ്മയാണെന്ന് പെട്ടെന്നാണ് ക്ലിക്കു ചെയ്തത്. ഈ ജീവചരിത്രം പ്രസിദ്ധീകരിച്ചാലുടന്‍ സമൂഹത്തില്‍ അച്ഛന്റെ റേറ്റിങ്ങ് താനേ ഉയരുമച്ഛാ. തുടര്‍ന്ന് പ്രായപൂര്‍ത്തിയായവര്‍ക്ക് സ്‌ക്രീനില്‍ അങ്ങയുടെ ധന്യജീവിതം ദര്‍ശിച്ച് കോള്‍മയിര്‍ക്കൊള്ളാം. പോരേ…”
നിര്‍വ്വിശങ്കമായ പുത്രനിര്‍ഘോഷത്തിനും മേലെ പിതാവിന്റെ മുറിയില്‍നിന്ന് പടക്കം പൊട്ടണ മാതിരിയുള്ള ഒരു ശബ്ദം അടുത്ത മുറിയിലിരിക്കുകയായിരുന്ന മാതാവ് കേട്ടു. ആ ശബ്ദത്തോടനുബന്ധമായി മകന്‍ ഇടതുവദനം തലോടിക്കൊണ്ട് അമ്മയുടെ അടുത്തേക്ക് വന്ന് നിശിതമായി പരാതിപ്പെട്ടു:
”നീചനായ അച്ഛന്‍ ഒരു ചെകിടടപ്പന്‍….”
പുത്രന്‍ വാചകം പൂര്‍ത്തിയാക്കുംമുമ്പ് മാതാവ് എണീറ്റ് അവനു നേരെ കൈയോങ്ങിക്കൊണ്ട് പറഞ്ഞു :
”എന്റെ ജീവചരിത്രമെങ്ങാനും നീ എഴുതിയാലുണ്ടല്ലോ…!”
ജിന്നന്‍ എന്ന അത്യന്താധുനിക ജീവചരിത്രകാരന്‍ അപ്പോള്‍ ശക്തിയായി പ്രതികരിച്ചു:
”എന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയാണ് എന്റെ മാതാപിതാക്കള്‍ കൈയുയര്‍ത്തുന്നത് !”

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.