കേന്ദ്രസംഘം ചൊവ്വാഴ്ചയെത്തും

Saturday 23 December 2017 2:48 am IST

ന്യൂദല്‍ഹി: ഓഖി ദുരന്തം സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും. ആഭ്യന്തരമന്ത്രാലയ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. കൃഷി മന്ത്രാലയത്തിലെയും ദുരന്ത നിവാരണ മേഖലയിലെയും വിദഗ്ധരും സംഘത്തിലുണ്ടാകും.

നാലു ദിവസം കേരള-തമിഴ്‌നാട് തീരദേശ മേഖലകളില്‍ സംഘം സന്ദര്‍ശം നടത്തും. സംസ്ഥാനത്തിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച തീരുമാനം കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. അടിയന്തിര സഹായമായി 422 കോടി രൂപയും സമഗ്ര ദുരിതാശ്വാസ പാക്കേജായി 7340 കോടി രൂപയുമാണ് കേരളം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

അതിനിടെ ഓഖി ദുരന്തത്തില്‍ കേരളത്തില്‍ മരിച്ചത് 74 പേരാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ലോക്‌സഭയെ അറിയിച്ചു. 215 ആളുകളെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം ഓഖി ചര്‍ച്ചയില്‍ പറഞ്ഞു. ദുരന്തത്തെ കേന്ദ്രം അതീവ ഗൗരവമായാണ് കാണുന്നത്. എന്നാല്‍ ചട്ടം അനുസരിച്ച് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല. അപകടം സംബന്ധിച്ച് കൃത്യമായ അറിയിപ്പുകള്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയിരുന്നു. ശക്തമായ കാറ്റ് ഉണ്ടാകുമെന്നും മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമുള്ള അറിയിപ്പ് രണ്ടു ദിവസം മുന്‍പേ നല്‍കിയിരുന്നു.

ചര്‍ച്ചയ്ക്ക് തുടക്കമിട്ട റിച്ചാര്‍ഡ് ഹേ എംപി കേരള സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. മുന്നറിയിപ്പുകള്‍ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചെങ്കിലും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി ഹേ ആരോപിച്ചു. വേണ്ടത്ര മുന്നൊരുക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അതാണ് ദുരന്തത്തിന്റെ വ്യാപ്തി ഇത്രയധികം വര്‍ധിക്കാന്‍ കാരണം-ഹേ കുറ്റപ്പെടുത്തി.

ഇതേ തുടര്‍ന്ന് ഇടത് എംപിമാര്‍ സഭയില്‍ എണീറ്റ് നിന്ന് ഹേയുടെ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ബഹളംവെച്ചു. ഇതോടെ പ്രശ്‌നത്തിലിടപെട്ട കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍, റിച്ചാര്‍ഡ് ഹേ പറഞ്ഞ വികാരം കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലുണ്ടെന്ന് സഭയില്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.