മുസ്ലീം വനിതകളെ മുസ്ലീം ഡോക്ടര്‍മാര്‍ ചികിത്സിക്കണം

Saturday 23 December 2017 2:47 am IST

കൊച്ചി: വര്‍ഗീയ വെറി പടര്‍ത്തുന്ന നിര്‍ദ്ദേശങ്ങളുമായി സലഫി പ്രബോധകന്‍. മുസ്ലീം ഡോക്ടര്‍മാര്‍ ഇസ്ലാമികമല്ലാത്ത ചികിത്സാ രീതികളും ചിഹ്നങ്ങളും ഉപേക്ഷിക്കണമെന്നും പ്രബോധകന്‍ ലേഖനത്തില്‍ പറയുന്നു.

റെഡ്‌ക്രോസ് ചിഹ്നമായ ചുവന്ന കുരിശ് മുറിയില്‍ വയ്ക്കരുത്, മരുന്നു കുറിക്കുന്ന കടലാസില്‍ പോലും (പ്രിസ്‌ക്രിപ്ഷന്‍പാഡ്)കുരിശു ചിഹ്‌നം വേണ്ട. ഡോക്ടര്‍മാര്‍ വാഹനങ്ങളിലും സ്ഥാപനങ്ങള്‍ക്ക് മുന്നിലും കുരിശു പ്രദര്‍ശിപ്പിക്കരുത്. മുസ്ലീം വനിതകളെ മുസ്ലീം ഡോക്ടര്‍മാര്‍ മാത്രമേ ചികിത്സിക്കാവൂ. അബ്ദുള്‍ മുഹ്‌സീന്‍ ഐദീദ് എന്ന സലഫി പ്രബോധകന്‍ നിര്‍ദ്ദേശിക്കുന്നു. അല്‍ അസ്വാല എന്ന വെബ്‌പോര്‍ട്ടലില്‍ ഐദീദ് പ്രസിദ്ധീകരിച്ച ഡോക്ടര്‍മാരോട് ചില ഇസ്ലാമിക ഉപദേശങ്ങള്‍ എന്ന ലേഖനത്തിലാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍.

മുസ്ലീം സ്ത്രീയെ മുസ്ലീം ഡോക്ടര്‍മാര്‍മാത്രം ചികിത്സിക്കണം. മുസ്ലീം ഡോക്ടര്‍മാരില്ലാതെ വന്നാല്‍, പുരുഷ ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാം. എന്നാല്‍ സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ വേണം പരിശോധന. സ്പര്‍ശിക്കേണ്ടി വന്നാല്‍ കൈയുറ ഉപയോഗിക്കണം. സ്ത്രീയെ പുരുഷ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍, അടച്ചിട്ടമുറിയില്‍ ഒറ്റയ്ക്കാകരുത്. ഒരു സ്ത്രീയോ പുരുഷനോ തനിച്ചായാല്‍ മൂന്നാമനായി പിശാച് എത്തും. മുസ്ലീങ്ങളായ മറ്റു സ്ത്രീകളുടെ സാന്നിധ്യത്തിലോ, അവരുടെ ഭര്‍ത്താവിന്റെ സാന്നിധ്യത്തിലോ ആവണം പരിശോധന. ഡോക്ടര്‍മാരെ സന്ദര്‍ശിക്കാനെത്തുന്ന സ്ത്രീകളെയും പുരുഷന്മാരെയും ഒരേ സ്ഥലത്ത് ഇരുത്തരുതെന്നും ലേഖനം നിര്‍ദ്ദേശിക്കുന്നു.

വൈദ്യശാസ്ത്രരംഗത്ത് പ്രചരിച്ചിട്ടുള്ള പിഴച്ച വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമെന്നാണ് റെഡ്‌ക്രോസ് ചിഹ്നത്തെ ലേഖനത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഇസ്ലാമിലെ ഏറ്റവും വലിയ തിന്മയായ ശിര്‍കിന്റെ വികൃതമായ രൂപങ്ങളിലൊന്നാണിത്. രണ്ട് സര്‍പ്പങ്ങള്‍ ഒരു ദണ്ഡില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്ന ചിഹ്നവും പ്രചരിക്കുന്നുണ്ട്. ഗ്രീക്- റോമന്‍ വിശ്വാസങ്ങളുമായാണ് ഈ ചിത്രങ്ങള്‍ക്ക് ബന്ധമുള്ളത്. ഇസ്ലാമിന്റെ അടിത്തറയെ നശിപ്പിക്കുന്ന ഇത്തരം വിശ്വാസങ്ങള്‍ പാടില്ലെന്നും ലേഖനം പറയുന്നു.

അന്യസ്ത്രീകള്‍ക്ക് മുസ്ലീം ഡോക്ടര്‍മാര്‍ ഹസ്തദാനം നടത്തരുത്. കൈയുറ ഇട്ടാണെങ്കില്‍ പോലും ഇത് പാടില്ല. പരിശോധിക്കുന്ന സമയത്ത് സ്ത്രീകളോട് സംസാരിക്കരുത്. അഥവാ സംസാരിച്ചാല്‍ രോഗത്തെ സംബന്ധിച്ച് മാത്രമായിരിക്കണമെന്നും ലേഖനത്തിലുണ്ട്. പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞു എന്ന തരത്തിലാണ് ലേഖനം. ഇത് ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

അന്ധവിശ്വാസം, വിഡ്ഢിത്തം: സാലിം ഹാജി
കൊച്ചി: മുസ്ലീം ഡോക്ടര്‍മാര്‍ ഇസ്ലാമികമല്ലാത്ത ചികിത്സാ രീതികളും ചിഹ്നങ്ങളും ഉപേക്ഷിക്കണമെന്ന ലേഖനത്തിലെ പരാമര്‍ശം അന്ധവിശ്വാസവും വിഡ്ഢിത്തവുമെന്നേ പറയാനാവൂ എന്ന് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സാലിം ഹാജി. മുസ്ലീം സ്ത്രീകളെ മുസ്ലീം വനിതകളായ ഡോക്ടര്‍മാത്രമേ പരിശോധിക്കാവൂ എന്നത് അസംബന്ധമാണ്.

അത്യാഹിതമുണ്ടാകുമ്പോള്‍ ആരെങ്കിലും മതവും ജാതിയും തിരക്കി നടക്കുമോ? ജീവന്‍ പോകുന്ന അവസരത്തില്‍ മുസ്ലീം സ്ത്രീക്ക് മുസ്ലീം ഡോക്ടര്‍മാരേ പാടുള്ളൂ എന്ന് ആരെങ്കിലും ചിന്തിക്കുമോ? വിവാദങ്ങളുണ്ടാക്കി ബിസിനസ് വര്‍ധിപ്പിക്കുകയാണ് ഇത്തരക്കാരുടെ നീക്കം. നബിയുടെ പേരില്‍ പരിഷ്‌കൃതമായ വിദ്യാഭ്യാസമുള്ള സമൂഹത്തിലേക്ക് ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.