ധര്‍മ്മടം നുരമ്പിലില്‍ തീരദേശ പരിപാലന നിയമങ്ങള്‍ കാറ്റില്‍ പ്പറത്തി കടലോരം കയ്യേറി കെട്ടിട നിര്‍മ്മാണം : അധികൃതരുടെ ഒത്താശയെന്ന് ആരോപണം

Friday 22 December 2017 10:47 pm IST


ധര്‍മ്മടം: ധര്‍മ്മടം നുരമ്പിലില്‍ തീരദേശ പരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തി കടലോരം കയ്യേറി കെട്ടിട നിര്‍മ്മാണം : അധികൃതരുടെ ഒത്താശയെന്ന് ആരോപണം. ധര്‍മ്മടം താഴെ പീടിക ബോട്ട് ജെട്ടി പരീക്കടവ് റോഡില്‍ നുരുമ്പില്‍ പ്രദേശത്ത് കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രകൃതി ദത്തമായ കരിങ്കല്‍പാറകള്‍ ഡയനാമിറ്റ് വെച്ച് പൊട്ടിച്ചും കടലിരികില്‍ മണ്ണിട്ട് നികത്തിയുമാണ് കെട്ടിട നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് നാട്ടുകാര്‍ പലതവണ നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നുവെങ്കിലും അനധികൃത നിര്‍മ്മാണം തടയാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് വീണ്ടും നാട്ടുകാര്‍ തലശ്ശേരി തഹസില്‍ദാര്‍ക്കും കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.
പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശത്താണ് തീരദേശ നിയമം ലംഘിച്ചുകൊണ്ട് പഞ്ചായത്തിന്റെയോ റവന്യൂ അധികൃതരുടെയോ അനുമതിയില്ലാതെ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നതെന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കടലിന്റെ അരിക് ഇടിച്ച് നിരപ്പാക്കി കെട്ടിടം പണിയുന്നത് പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഏതാണ്ട് രണ്ടര വര്‍ഷത്തിലധികമായി ദുരൂഹത നിറഞ്ഞ രീതിയിലാണ് കെട്ടിട നിര്‍മ്മാണം നടക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ഏഴ് ദിവസത്തിനകം പൊളിച്ചുമാറ്റാനും കെട്ടിട ഉടമക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും 2016 ജനുവരി മാസം ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കെട്ടിട ഉടമ ഒരു മാസത്തെ സ്‌റ്റേ വാങ്ങുകയായിരുന്നു. സ്‌റ്റേ നീങ്ങിയ ശേഷവും നിര്‍മ്മാണം രാപ്പകല്‍ ഭേദമില്ലാതെ നടന്നുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിയില്‍ പറയുന്നു. ഡൈനാമിറ്റ് ഉപയോഗിച്ച് രാത്രികാലങ്ങളില്‍പ്പോലും പാറ പൊട്ടിക്കുന്നതിനെ ചോദ്യം ചെയ്ത പരിസരവാസികളെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ദുര്‍ഘടമായ പാറക്കല്ലുകള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ച് കടലില്‍ നിന്നും ബോട്ടുകളും തോണികളും കെട്ടിടത്തിടുത്തേക്ക് പ്രവേശിപ്പിക്കാവുന്ന രീതിയിലാണ് നിര്‍മ്മാണം നടക്കുന്നത്. രാജ്യസുരക്ഷക്ക് പോലും ഭീഷണിയായ രൂപത്തിലാണ് ഇവിടെ നിര്‍മ്മാണം നടക്കുന്നതെന്നും കലക്ടര്‍ 2016 ല്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാന്‍ തയ്യാറാകണമെന്നും ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടക്കുന്ന അനധികൃത കയ്യേറ്റത്തിനും നിര്‍മ്മാണത്തിനുമെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.