നഴ്‌സുമാരുടെ ശമ്പളം: നിയമനിര്‍മാണത്തിന് കേന്ദ്ര നിര്‍ദ്ദേശം

Saturday 23 December 2017 2:46 am IST

ന്യൂദല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള ക്കാര്യത്തില്‍ കൃത്യമായ ചട്ടമുണ്ടാക്കാനും നിയമാനുസൃതമുള്ള ശമ്പളം ഉറപ്പാക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. സ്വകാര്യ നഴ്‌സിങ് ഹോമുകളിലും ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് മികച്ച വേതനവ്യവസ്ഥ ഉറപ്പാക്കണം.

ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്‌സഭയെ അറിയിച്ചു.സ്വകാര്യ ചികില്‍സാ രംഗത്ത് വേതന വ്യവസ്ഥകളില്‍ കൃത്യതയോ ഏകീകൃത സ്വഭാവമോ ഇല്ല. ഇതില്‍ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കേണ്ടതുണ്ട്.ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ഇതിനായി നിയമം കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.

ഓള്‍ ഇന്ത്യ ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്റെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ മറ്റ് സംഘടനകളുടെ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കും. ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മിനിമം വേതനം ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ ധനവകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.