സര്‍വകലാശാല വകുപ്പ് മേധാവിക്കെതിരായ പരാതി: അന്വേഷണക്കമീഷനെ നിയോഗിക്കാന്‍ നിര്‍ദേശം വനിതാ കമീഷന്‍ അദാലത്തില്‍ 94 കേസുകള്‍ പരിഗണിച്ചു

Friday 22 December 2017 10:53 pm IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ ഒരു വകുപ്പ് മേധാവിക്കെതിരെ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിന്‍മേല്‍ സര്‍വകലാശാലയില്‍ നേരിട്ടെത്തി തെളിവെടുത്ത വനിതാ കമീഷന്‍, പരാതിയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദേശം നല്‍കി. ലബോറട്ടറിയില്‍നിന്ന് വിലപിടിപ്പുള്ള ഉപകരണങ്ങള്‍ മോഷണം പോയെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍നിന്ന് വിശദീകരണം പോലും തേടാതെ അതിന്റെ വില ജിഎസ്ടി സഹിതം ഈടാക്കാനുള്ള വകുപ്പ് മേധാവിയുടെ തീരുമാനത്തിനെതിരെ ഒരു വിദ്യാര്‍ത്ഥി വനിതാ കമീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് കമീഷനംഗം ഷാഹിദ കമാല്‍ സര്‍വകലാശാലയില്‍ നേരിട്ടെത്തി തെളിവെടുത്തത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന വനിതാ കമീഷന്‍ അംഗം ഷാഹിദ കമാലിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 94 കേസുകള്‍ പരിഗണിച്ചു. വര്‍ഷങ്ങളായി പരിഹാരം കാണാനാവാത്തത് ഉള്‍പ്പെടെ 26 കേസുകള്‍ തീര്‍പ്പാക്കി. അഞ്ച് കേസുകള്‍ പൊലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അന്വേഷണത്തിന് വിട്ടു. 31 കേസുകള്‍ വിശദമായ വാദം കേള്‍ക്കാനായി അടുത്ത അദാലത്തിലേക്ക് മാറ്റി. 27 കേസുകളില്‍ ഒരു കക്ഷി ഹാജരായില്ല.
കോടതി വിധിയുമായി ബന്ധപ്പെട്ട് റിട്ട. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ ഒരു സ്ത്രീയുടെ പരാതി കമീഷന്റെ അധികാര പരിധിക്ക് അപ്പുറത്തായതിനാല്‍ പരിഗണിച്ചില്ല. ജഡ്ജിമാര്‍ക്ക് നിയമപരിരക്ഷ ഉള്ളതിനാല്‍ മേല്‍ക്കോടതിയില്‍ മാത്രമേ കോടതിവിധി ചോദ്യം ചെയ്യാന്‍ കഴിയൂ എന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കമീഷനംഗം വ്യക്തമാക്കി.
നഗരസഭാ ജീവനക്കാരിക്കെതിരെ സഹപ്രവര്‍ത്തകര്‍ അപവാദ പ്രചരണം നടത്തിയെന്ന പരാതി കമീഷന്‍ മുമ്പാകെ ഇരുകക്ഷികളും ഹാജരായി തീര്‍പ്പാക്കി. ഒരു വര്‍ഷത്തിലേറെക്കാലമായി നടക്കുന്ന നിയമ പോരാട്ടത്തില്‍ 13 തവണ വനിതാ കമ്മീഷനില്‍ എത്തിയ കേസാണിത്. കമ്മീഷന്‍ മുമ്പാകെ നഗരസഭ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഹാജരായി. സഹകരണ ആശുപത്രി നിര്‍മാണത്തിനായി സമാഹരിച്ച നിക്ഷേപ തുക തിരികെ നല്‍കുന്നില്ലെന്ന പരാതിയില്‍ തുക ഡിസംബര്‍ 23 രാവിലെ 11 മണിക്കകം തിരികെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
അയല്‍ക്കാര്‍, ബന്ധുമിത്രാദികള്‍ തമ്മിലെ പ്രശ്‌നം, സാമ്പത്തികമായും സാമൂഹികമായും തൊഴിലിടങ്ങളിലും സ്ത്രീകള്‍ നേരിടുന്ന ചൂഷണം എന്നിവയാണ് കമ്മീഷന് മുന്നിലെത്തുന്നതില്‍ കുടുതലും പരാതികളെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. സിറ്റിംഗില്‍ അഭിഭാഷകരായ ടി. സരള, പി.വിമല കുമാരി, പത്മജ പത്മനാഭന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷീബ, രജനി എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.