കുടുംബശ്രീ യൂണിറ്റ് ഇല്ലാതാക്കാന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രംഗത്ത്

Sunday 24 December 2017 12:18 pm IST

പേട്ട: ചാക്കയിലെ സഹേലി കുടുംബശ്രീ യൂണിറ്റിനെ ഇല്ലാതാക്കാന്‍ വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ശ്രീകുമാര്‍ രംഗത്ത്. നിയമാനുസൃതം നല്‍കേണ്ട അഫിലിയേഷന്‍ തടഞ്ഞാണ് യൂണിറ്റ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശമാണ് നഗരസഭ സിഡിഎസിനും കുടുംബശ്രീ മെംബര്‍ സെക്രട്ടറിക്കും നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ മുതല്‍ യൂണിറ്റിന്റെ വാര്‍ഷിക ആഡിറ്റും അഫിലിയേഷനും നടത്തുന്നതിന് നഗരസഭയില്‍ കയറിയിറങ്ങുകയാണ് സഹേലി കുടുംബശ്രീ അംഗങ്ങള്‍. നവംബര്‍ 15 ന് ആഡിറ്റുചെയ്‌തെങ്കിലും കൗണ്‍സിലറുടെ അനുമതിയില്ലാതെ അഫിലിയേഷന്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. നഗരസഭ ഉന്നയിക്കുന്ന തടസ്സം ചൂണ്ടിക്കാട്ടി സഹേലി കുടുംബശ്രീ സെക്രട്ടറി സംസ്ഥാന കുടുംബശ്രീമിഷനും ജില്ലാ മിഷനും പരാതി നല്‍കി. അഫിലിയേഷന്‍ അടിയന്തരമായി ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മിഷന്റെ ഉത്തരവ് ജില്ലാ മിഷന്‍ വഴി നഗരസഭയ്ക്ക് കൈമാറിയെങ്കിലും അനുസരിക്കാന്‍ സിഡിഎസോ മെംബര്‍ സെക്രട്ടറിയോ തയ്യാറായില്ല. പകരം കൗണ്‍സിലറെ നേരിട്ട് കാണാന്‍ മെംബര്‍ സെക്രട്ടറി ആവശ്യപ്പെട്ടതായി യൂണിറ്റ് സെക്രട്ടറി റീന പറഞ്ഞു. ജില്ലാ മിഷനും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈകൊണ്ടിില്ല. ആരെയും അടിച്ച് ചെയ്യിപ്പിക്കാന്‍ കഴിയില്ലെന്ന അറിയിപ്പാണ് ജില്ലാമിഷനില്‍ നിന്ന് പരാതിക്കാരിക്ക് ലഭിച്ചത്.
ഒമ്പതുമാസങ്ങള്‍ക്ക് മുമ്പ് വയ്യാമൂലയിലെ പരിപാടിയില്‍ സഹേലി കുടുംബശ്രീയിലെ അംഗങ്ങള്‍ പങ്കെടുത്തതാണ് കാരണം. ചാക്ക വൈഎംഎ ഹാളില്‍ അംഗങ്ങളെ വിളിച്ചുവരുത്തി സിപിഎമ്മിന്റെ പരിപാടികള്‍ക്കല്ലാതെ മറ്റൊന്നിനും പോകരുതെന്ന് കൗണ്‍സിലര്‍ താക്കീതു നല്‍കി. കുടുംബശ്രീയില്‍ രാഷ്ട്രീയം കലര്‍ത്തണ്ടെന്നു പറഞ്ഞ് യൂണിറ്റ് സെക്രട്ടറി ഇത് തള്ളി. ഇതോടെ സഹേലി കുടുംബശ്രീക്കെതിരെ കൗണ്‍സിലര്‍ അജണ്ടയൊരുക്കുകയായിരുന്നു. യൂണിറ്റിന്റെ ബാങ്ക് ഇടപാടുകള്‍ പാര്‍ട്ടി സ്വാധീനത്തില്‍ നിശ്ചലമാക്കി. വാര്‍ഡ് എഡിഎസിനും കര്‍ശനനിര്‍ദ്ദേശം നല്‍കി. ഇതോടെ അഫിലിയേഷന്‍ സംംബന്ധിച്ച അപേക്ഷ സ്വീകരിക്കാനോ ഒപ്പിട്ടുനല്‍കാനോ എഡിഎസ് തയ്യാറായില്ല. രണ്ടുദിവസം മുമ്പ് കമ്മറ്റി കൂടി പ്രശ്‌നം പരിഹരിക്കാമെന്നറിയിച്ച് യൂണിറ്റിലെ പതിനഞ്ചോളം അംഗങ്ങളെ നഗരസഭയിലേക്ക് അധികൃതര്‍ വിളിച്ചുവരുത്തിയെങ്കിലും കമ്മിറ്റി നടത്താതെ കൗണ്‍സിലറെ കാണാത്തതിന് അവഹേൡുകയായിരുന്നു.
കുടുംബശ്രീ യൂണിറ്റുകളില്‍ കൗണ്‍സിലര്‍ക്ക് ഔദ്യോഗിക ചുമതലയില്ല. യൂണിറ്റുകളിലെ അധ്യക്ഷനെന്ന ന്യായീകരണമാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഇല്ലാത്ത ചുമതല പറഞ്ഞ് കുടുംബശ്രീയെ കൗണ്‍സിലറുടെ വരുതിയിലാക്കാനുളള ശ്രമം രാഷ്ട്രീയ അജണ്ടയും പകപോക്കലുമാണെന്ന് യൂണിറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു. ജനുവരി 8 മുതല്‍ വാര്‍ഡ് തലത്തില്‍ എഡിഎസിനെ നിശ്ചയിക്കാനുളള തെരഞ്ഞെടുപ്പ് കാലമാണ്. അഫിലിയേഷന്‍ നടത്താത്ത കുടുംബശ്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല. മാത്രമല്ല യൂണിറ്റിന്റെ അംഗത്വം എന്നന്നേക്കുമായി ഇല്ലാതാകുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടാണ് കൗണ്‍സിലര്‍ അഫിലിയേഷന്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്. അഫിലിയേഷന്‍ നല്‍കാത്തതിനെതിരെ കളക്ടര്‍ക്ക് സഹേലി കുടുംബശ്രീ പരാതി നല്‍കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.