മിസാ ഭാരതിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു

Saturday 23 December 2017 2:11 pm IST

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായി ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക കോടതി ജഡ്ജി എന്‍.കെ മല്‍ഹോത്രയ്ക്ക് മുൻപാകെയാണ് അന്വേഷണ സംഘം അഭിഭാഷകന്‍ നിതേഷ് റാണ മുഖേന കുറ്റപത്രം സമര്‍പ്പിച്ചത്.

ദല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ മിസയുടെ ഭര്‍ത്താവ് ഷൈലേഷ് കുമാര്‍ മഗറ്റ നിരവധി പേരെയും പ്രതിചേര്‍ത്തിട്ടുണ്ട്. കേസില്‍ മിസയുടെയും ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ള ദല്‍ഹിയിലെ ഫാം ഹൗസില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു.

മിസയുടെ ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ള മിഷേല്‍ പ്രിന്റേഴ്സ് ആന്റ് പാക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനം കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയാണെന്ന് എന്‍ഫോഴ്സ്മെന്റ് പറയുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ലാലു പ്രസാദിനും കൂട്ടര്‍ക്കുമെതിരെ റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് മൂന്ന് മണിക്ക് വിധി പറയാനിരിക്കുകയാണ്. കാലിത്തീറ്റയുടെ പേരില്‍ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും 1991 മുതല്‍ 1994 വരെ 89 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.