നിലയ്ക്കുമോ ചേരപ്പള്ളിയിലെ ആനച്ചന്തം 

Sunday 24 December 2017 12:18 pm IST

വിളപ്പില്‍: എത്ര കണ്ടാലും കൊതിതീരാത്ത കാഴ്ചയായി മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന രൂപമാണ് ആന. ഈ ആനക്കമ്പത്തിന്റെ മറപിടിച്ച് വലിയൊരു വ്യാപാരശൃംഖല തന്നെയുണ്ട്. മണ്ണിലും ലോഹങ്ങളിലും തടിയിലും കരവിരുതിന്റെ മാന്ത്രിക സ്പര്‍ശമേറ്റ് പിറക്കുന്ന ആനയുടെ രൂപപ്പകര്‍ച്ചകള്‍ക്ക് ആവശ്യക്കാരും ഏറെ.
ലക്ഷങ്ങള്‍ നല്‍കി ആനയുടെ പ്രതിരൂപം സ്വീകരണമുറിക്ക് അലങ്കാരമാക്കാന്‍ മത്സരിക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് പാരമ്പര്യത്തിന്റെ കരസ്പര്‍ശം കൊണ്ട് തടിയില്‍ ആനകളെ നിര്‍മിക്കുന്ന തച്ചന്മാരുടെ ഗ്രാമമാണ് ആര്യനാട് പഞ്ചായത്തിലെ ചേരപ്പള്ളി. കാലം കരുതിവച്ച അടയാളം പോലെ ഈ ഗ്രാമത്തില്‍ ആനയെ കൊത്തിയുണ്ടാക്കുന്നവര്‍ ഇന്ന് വിരലിലെണ്ണാവുന്നത്ര മാത്രമായി. അറുപതുകഴിഞ്ഞ പത്തോളം വൃദ്ധരാണ് ഇപ്പോഴും കുലത്തൊഴിലില്‍ അഭിമാനിച്ച് ഉളിയും കൊട്ടുവടിയും ചലിപ്പിക്കുന്നത്. പുതുതലമുറ ഈ മേഖലയിലേക്ക് കടക്കാന്‍ കൂട്ടാക്കാറില്ല. ദിവസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ ലക്ഷണമൊത്ത കൊമ്പനെ കൊത്തിമിനുക്കിയാല്‍ കിട്ടുന്നത് തുച്ഛമായ കൂലി. ഇതാണ് തച്ചന്‍ ഗണത്തിലേക്ക് പേരുചേര്‍ക്കാന്‍ ചേരപ്പള്ളിയില്‍ പുതുതലമുറ കടന്നു വരാത്തത്.
മുമ്പ് ചേരപ്പള്ളിയില്‍ കുടില്‍ വ്യവസായം പോലെ ആന ശില്‍പങ്ങള്‍ ഉണ്ടാക്കുകയും വിറ്റഴിക്കുകയും ചെയ്തിരുന്നു. ഇന്ന് ശില്‍പ വ്യവസായരംഗത്തെ അതികായര്‍ കൂലിക്കിരുത്തി ചേരപ്പള്ളി തച്ചന്‍മാരെക്കൊണ്ട് ആനകളെ ഉണ്ടാക്കുന്നു. 100 രൂപയ്ക്ക് കിട്ടുന്ന കുഞ്ഞന്‍ ആന മുതല്‍ 8 ലക്ഷം വിലയുള്ള ഒരാള്‍ പൊക്കമുള്ള കൊമ്പന്‍ വരെ. വയനാട് നിന്ന് ലേലം പിടിച്ച് കൊണ്ടു വരുന്ന കരിവീട്ടിയിലാണ് ശില്‍പനിര്‍മാണം. തടിയും കൂലിയും മുതലാളി നല്‍കും. ചേരപ്പള്ളിയില്‍ ഉണ്ടാക്കിയെടുക്കുന്ന ആനകളെ സ്വദേശത്തും വിദേശത്തുമായി ഉയര്‍ന്ന വിലയ്ക്ക് മുതലാളിമാര്‍ വിറ്റഴിക്കും. വാര്‍ധക്യത്തില്‍ ആരെയും ആശ്രയിക്കാതെ കഴിയണമെന്ന് നിശ്ചയദാര്‍ഢ്യമുള്ള തച്ചന്മാര്‍ ഉളി രാകിമിനുക്കി പണിശാലയിലെത്തും. തങ്ങളുടെ കാലശേഷം ചേരപ്പള്ളിയുടെ ആനച്ചന്തം നിലയ്ക്കുമോ എന്നതാണ് ഈ ആനതച്ചന്മാരുടെ നെഞ്ചകം നീറ്റുന്നത്. കരകൗശല രംഗത്തെ ഈ പ്രതിഭകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍ വരും തലമുറയ്ക്ക് അഭിമാനിക്കാവുന്ന ആനശില്‍പങ്ങളുടെ ഗ്രാമമായി ചേരപ്പള്ളിയെ നിലനിര്‍ത്താനാകുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.