ക്രിസ്മസിനെ വരവേല്‍ക്കാന്‍ വ്യാപാരമേഖല

Saturday 23 December 2017 2:24 pm IST

കൊട്ടാരക്കര: ഉണ്ണിയേശുവിന്റെ സ്മരണകളെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വ്യാപാരമേഖലയില്‍ പുത്തന്‍ ഉണര്‍വ് ദൃശ്യമായിട്ടുണ്ട്.
നോട്ട് നിരോധനവും ജിഎസ്ടിയും കാരണം മാന്ദ്യം അനുഭവപ്പെട്ടിരുന്ന വ്യാപാരമേഖലക്ക് ക്രിസ്മസ് ആഘോഷങ്ങള്‍ പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. നക്ഷത്രങ്ങളും ആശംസാകാര്‍ഡുകളും ക്രിസ്മസ് ട്രീകളും, മധുരപലഹാരങ്ങളും കേക്കുമാണ് ഏറ്റവുമദികം വിറ്റഴിക്കപ്പെടുന്നത്. ഇതോടൊപ്പം തന്നെ വസ്ത്രവ്യാപാരശാലകളിലും സ്വര്‍ണ്ണാഭരണശാലകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. പലചരക്കുകടകളിലും, മത്സ്യമാംസവില്‍പ്പന കേന്ദ്രങ്ങളിലും കച്ചവടം കൊഴുത്തുതുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍വിറ്റുവരവ് പ്രതീക്ഷിക്കുകയാണ് വ്യാപാര മേഖല.
വിപണിയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത് നക്ഷത്രങ്ങളാണ്. മതവ്യത്യാസമില്ലാതെ മിക്ക കുടുംബങ്ങളിലും നക്ഷത്രം തൂക്കിവരുന്നുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലും വലുപ്പത്തിലുമുള്ള നക്ഷത്രങ്ങള്‍ വിപണിയിലെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നക്ഷത്രങ്ങളും പേപ്പര്‍നക്ഷത്രങ്ങളും, ഫൈബര്‍ നക്ഷത്രങ്ങളും ലൈറ്റുകള്‍ ഘടിപ്പിച്ച നക്ഷത്രങ്ങളുമെല്ലാം ഇക്കുറി താരങ്ങളാണ്. വിവിധ വര്‍ണ്ണങ്ങള്‍ വാരിവിതറുന്ന ചൈനീസ് നക്ഷത്രങ്ങളും സുലഭമാണ്.
സിനിമാ പേരുകളിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരിലുമുള്ള നക്ഷത്രങ്ങളും കുട്ടികളെ ആകര്‍ഷിക്കുന്നു. ആയിരങ്ങള്‍ വിലവരുന്ന നക്ഷത്രങ്ങള്‍വരെ ഇവിടെ ലഭ്യമാണ്. വൈവിധ്യമാര്‍ന്ന ക്രിസ്മസ് ട്രീകള്‍ വിപണിയിലുണ്ട്. ഉയരവും, അലങ്കാരങ്ങളുടെ വൈവിധ്യവും അനുസരിച്ച് ട്രീകളുടെ വിലയും വ്യത്യസ്തമായിരിക്കും. 200 രൂപ മുതലാണ് ക്രിസ്മസ് ട്രീകളുടെ വില. മൂവായിരം രൂപ വരെ വിലയുള്ള ക്രിസ്മസ് ട്രീകളുമുണ്ട്.
ക്രിസ്മസ് പാപ്പായുടെ വേഷവിധാനങ്ങള്‍ക്കും നല്ല ഡിമാന്റാണ്. ക്രിസ്മസ് കാര്‍ഡുകളുടെ വില്‍പ്പനയും പൊടിപൊടിക്കുന്നു. നവമാധ്യമങ്ങളുടെ കടന്നുകയറ്റം ആശംസാകാര്‍ഡുകളെ ബാധിക്കുമെന്ന ആശങ്ക അസ്ഥാനത്തായിരിക്കുകയാണ്. കാര്‍ഡുകള്‍ അയ്ക്കുന്നതിന് തന്നെയാണ് യുവത്വം തയ്യാറായിട്ടുള്ളത്.
പോസ്റ്റ്മാന്‍ വഴി ആശംസാകാര്‍ഡ് കൈപ്പറ്റുന്നതിന്റെ ത്രില്‍ മറ്റൊന്നിനുമില്ലെന്നാണ് യുവജനങ്ങളുടെ പക്ഷം. തപാല്‍വകുപ്പിലും ഇത് ഗുണംചെയ്യുന്നുണ്ട്.
കേക്ക് വിപണിയില്‍ കടുത്ത മത്സരമാണ് നടന്നുവരുന്നത്. വന്‍കിട ഭക്ഷ്യനിര്‍മ്മാതാക്കളും, വന്‍കിട ബേക്കറികളുമെല്ലാം വ്യത്യസ്തതയുള്ള കേക്കുകളാണ് വിപണിയിലിറക്കിയിട്ടുള്ളത്.
വ്യത്യസ്ത രുചിയും, അലങ്കാരങ്ങളുമുള്ള കേക്കുകള്‍ സജ്ജമാണ്. താജ്മഹലും കുത്തബ്മീനാറും പാര്‍ലമെന്റ് ഹൗസുമുതല്‍ റോക്കറ്റ് വരെ യാണ് വിപണിയിലുള്ളത്. പല ഹോട്ടലുകളും കേക്ക്‌നിര്‍മ്മാണം വരെ ഉത്സവമാക്കിയിരുന്നു. 150ല്‍ തുടങ്ങി ആയിരങ്ങളില്‍ അവസാനിക്കുന്നതാണ് കേക്കിന്റെ വില. ക്രിസ്മസ് വിപണിയിലെ പുത്തന്‍ ഉണര്‍വ് അനുബന്ധവ്യാപാരമേഖലകള്‍ക്കും ഗുണകരമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.