കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരന്‍

Saturday 23 December 2017 4:05 pm IST

റാഞ്ചി/ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ലാലുവിനെതിരെ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതിലാണിത്. ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കുമെന്ന് ജഡ്ജി ജസ്റ്റിസ് ശിവപാല്‍ സിങ് പറഞ്ഞു.

കോടതി വിധിക്കു ലാലുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ബിര്‍സ മുണ്ട ജയിലിലടച്ചു. ശിക്ഷ വിധിക്കുമ്പോള്‍ ഇദ്ദേഹത്തെ കോടതിയിലെത്തിക്കും. മറ്റു പ്രതികളായ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കമുള്ള ഏഴു പേരെ കോടതി വെറുതെ വിട്ടു. 950 കോടി രൂപയുടെ കാലിത്തീറ്റ അഴിമതിക്കേസില്‍ ആകെ 53 കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്.
ചൈബാസ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ വഴി 37.5 കോടി രൂപ ലാലു തട്ടിയെടുത്തെന്നായിരുന്നു ആദ്യ കേസ്. ഇതില്‍ ലാലുവിന് 2013 സപ്തംബര്‍ 30ന് കോടതി അഞ്ചു വര്‍ഷം ശിക്ഷ വിധിച്ചു. ജയിലിലായ ഇദ്ദേഹം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലിറങ്ങി.

1994-96 കാലത്ത് വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ദേവ്ഗഡ് ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് ഇപ്പോഴത്തെ വിധി. ഈ കേസിലും കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും ശിക്ഷ ലഭിക്കാനാണ് സാധ്യത. കേസിലെ 34 പ്രതികളില്‍ 12 പേര്‍ മരിച്ചു. ബാക്കിയുള്ളവരില്‍ ഏഴു പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. ലാലു അടക്കമുള്ള 15 പേര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി.
കേസിലെ വാദം 13ന് പൂര്‍ത്തിയായിരുന്നു. ശിക്ഷ വിധിക്കുന്ന ഇന്നലെ എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. 1990കളില്‍ അഴിമതി നടത്തി ലാലുപ്രസാദ് യാദവ് സമ്പാദിച്ച സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികളും കോടതിയുടെ ഭാഗത്തു നിന്നുണ്ടായേക്കും.

അഴിമതിയുടെ ആള്‍രൂപം

ബീഹാര്‍ മുന്‍മുഖ്യമന്ത്രി, മുന്‍കേന്ദ്രമന്ത്രി, ബീഹാറിലെ യാദവ നേതാവ്… അങ്ങനെ വിശേഷണങ്ങള്‍ പലതുണ്ടെങ്കിലും ലാലു പ്രസാദ് യാദവിനെ ജനം അറിയുന്നത് അഴിമതി വീരന്‍ എന്ന പേരിലാണ്.

ഒരുകാലത്ത് ബീഹാറിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ലാലു ഒന്നും രണ്ടുമല്ല, നിരവധി അഴിമതിക്കേസുകളില്‍ പ്രതിയാണ്. റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് വഴിവിട്ട് കരാറുകള്‍ നല്‍കിയതിലും കേസുണ്ട്. ലാലുവും മകന്‍ തേജസ്വിയും മകള്‍ മിസയുമുള്‍പ്പെട്ട നൂറു കോടിയുടെ ഭൂമി ഇടപാടാണ് അടുത്ത കാലത്തുണ്ടായ മറ്റൊന്ന്.

ആയിരത്തോളം കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണത്തില്‍ സിബിഐ എടുത്തത് അന്‍പതിലേറെ കേസുകള്‍. അതില്‍ ലാലുവിന്റെ പേരില്‍ ആറു കേസുണ്ട്. ഒരു കേസില്‍ മുന്‍പ് കോടതി ശിക്ഷിച്ചിരുന്നു. ഇന്നലെ രണ്ടാമത്തേതിലും വിധിയായി. ഇനി നാലു കേസുകള്‍ കൂടിയുണ്ട്. ബീഹാറിലെ ചൈബാസ ട്രഷറിയില്‍ നിന്ന് 37.70 കോടി രൂപ പിന്‍വലിച്ച കേസില്‍ സിബിഐ കോടതി അഞ്ചു വര്‍ഷം തടവിനും 25 ലക്ഷം രൂപ പിഴയ്ക്കും വിധിച്ചതാണ് ആദ്യ ശിക്ഷ. ഇതോടെ ലാലുവിന്റെ പാര്‍ലമെന്റംഗത്വം പോയി. കേസില്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, ജനതാദള്‍ നേതാവ് ജഗദീഷ് ശര്‍മ്മ തുടങ്ങിയവരെയും ശിക്ഷിച്ചിരുന്നു.

മഹാത്മാക്കളെ അവഹേളിച്ച് ലാലു

അഴിമതിക്കേസില്‍ കുറ്റവാളിയെന്ന് പ്രഖ്യാപിച്ച് ജയിലിലടച്ച ഉടനെ ലാലു നടത്തിയ പ്രസ്താവന മഹാത്മാക്കളെ അവഹേളിക്കുന്ന തരത്തില്‍. ഞാന്‍ നെല്‍സണ്‍ മണ്ഡേലയെപ്പോലെ, മാര്‍ട്ടിന്‍ ലൂഥറിനെപ്പോലെ, ബാബാ സാഹേബ് അംബേദ്ക്കറിനെപ്പോലെ ആണ്. ദൗത്യങ്ങളില്‍ തോറ്റിരുന്നെങ്കില്‍ അവരെയും വില്ലന്മാരെന്ന് മുദ്രകുത്തി തന്നെപ്പോലെ ജയിലിലടച്ചേനേ. താഴ്ന്ന ജാതിക്കാരനായതുകൊണ്ടാണ് ശിക്ഷിക്കപ്പെട്ടത്. കോടതി വിധി രാഷ്ട്രീയ ഗൂഢാലോചനയാണ്. സത്യം വിജയിക്കും, ലാലു ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ കോടതികളില്‍ പരിപൂര്‍ണ്ണ വിശ്വാസമെന്നായിരുന്നു വിധി പ്രഖ്യാപനത്തിനു മുന്‍പ് ലാലുവിന്റെ വാക്കുകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.