ലാലു കുറ്റക്കാരന്‍; ജയിലിലേക്ക്

Saturday 23 December 2017 10:35 am IST

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുപ്രസാദ് യാദവും മറ്റ് 15 പ്രതികളും കുറ്റക്കാര്‍‍. ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. വിധി വന്നയുടന്‍ തന്നെ ലാലുവിനെ കസ്റ്റഡിയിലെടുത്തു.  അതേസമയം, കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കി.

വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നു കോടികള്‍ പിന്‍വലിച്ചെന്നാണു കേസ്. ലാലുവിനെതിരെ സിബിഐ റജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്. വിധി കേള്‍ക്കാന്‍ കേസിലെ മുഴുവന്‍ പ്രതികളും ഹാജരായിരുന്നു. 34 പ്രതികളുണ്ടായിരുന്ന കേസില്‍ 11 പേര്‍ വിചാരണവേളയില്‍ മരിച്ചു. സ്പെഷല്‍ കോടതി ജഡ്ജി ശിവ്പാല്‍ സിങ് ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.

അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണഫയലില്‍ നടപടി സ്വീകരിക്കന്നതിന് ലാലു പ്രസാദ് മനപ്പൂര്‍വം കാലതാമസം വരുത്തിയെന്നാണ് സിബിഐ കേസ്. ലാലുവിന് അഴിമതിയെ കുറിച്ച്‌ അറിവുണ്ടായിരുന്നെന്നും എന്നാല്‍ നടപടി വൈകിപ്പിച്ച്‌ അദ്ദേഹം അഴിമതിക്ക് കൂട്ട് നില്‍ക്കുകയായിരുന്നു എന്നുമായിരുന്നു സിബിഐ ആരോപിച്ചത്. 2013 സെപ്റ്റംബര്‍ 30ന് ആദ്യ കേസില്‍ ലാലുവിന് അഞ്ചുവര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തു. രണ്ടു മാസം ജയിലില്‍ കിടന്ന ലാലു സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചതിനെതുടര്‍ന്നാണ് പുറത്തിറങ്ങിയത്.

തനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോള്‍ ലാലുവിന്റെ പ്രതികരണം. വിധി എന്തായാലും സമാധാനം പാലിക്കണമെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു ലാലു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.