ഹോട്ടലുകളില്‍ മിന്നല്‍പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Sunday 24 December 2017 12:57 pm IST

നെയ്യാറ്റിന്‍കരയില്‍ ഇന്നലെ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പഴകിയ ഭക്ഷണം

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭാപരിധിയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം ഇന്നലെ മിന്നല്‍ പരിശോധന നടത്തി. പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയതും ഉപയോഗശൂന്യമായതുമായ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുകള്‍ക്ക് പുറമെ ചെറുകിട ഹോട്ടലുകളും കാന്റീനുകളും പരിശോധിച്ചു. പിടിച്ചെടുത്ത ഭക്ഷണം നഗരസഭ ഓഫീസിനു മുന്നില്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധം പ്രദര്‍ശിപ്പിച്ചശേഷം നശിപ്പിച്ചു.
ഹോട്ടലുകളുടെ പേരുവിവരം വെളിപ്പെടുത്താന്‍ ഹെല്‍ത്ത് ജീവനക്കാര്‍ തയ്യാറാകാത്തതില്‍ ഒച്ചപ്പാടുണ്ടായി. സാധാരണ പഴകിയ ഭക്ഷണം പിടിച്ചെടുത്താല്‍ അവ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഹോട്ടലുകളുടെ പേര് എഴുതിയ പ്ലക്കാര്‍ഡ് സ്ഥാപിച്ചാണ് പ്രദര്‍ശിപ്പിക്കാറുളളത്. ഇക്കുറി ഇത് ഒഴിവാക്കിയത് ഹോട്ടലുടമകളും നഗരസഭ യും തമ്മില്‍ അവിശുദ്ധ ബന്ധമുളളതിനാലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പഴകിയ ആഹാരം വിറ്റ ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതും പ്രഹസനമാണെന്ന് ആക്ഷേപമുയര്‍ന്നു. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ മുന്നറിയിപ്പ് കൂടാതെ ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നടപടി സ്ഥീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കെ. ശശികുമാറിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, എസ്.വി. സുജ, എല്‍. ലിജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
നെയ്യാറ്റിന്‍കരയില്‍ ഇന്നലെ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പഴകിയ ഭക്ഷണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.