കോഴിക്കോട് വന്‍ ലഹരി വേട്ട ലഹരി വസ്തുക്കളുമായി എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റില്‍

Saturday 23 December 2017 7:34 pm IST

 

കോഴിക്കോട്: ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളുമായി എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റില്‍. മാങ്കാവ് മുല്ലവീട്ടില്‍ ഫാത്തിമാസില്‍ ഫസലു (30) നെ ആണ് കൊക്കൈന്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ആന്റി ഗുണ്ടാസ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്. 15 ഗ്രാം കൊക്കൈന്‍, 54 ഷീറ്റ് എല്‍എസ്ഡി സ്റ്റാമ്പുകള്‍, 30 ഗ്രാം ഹാഷിഷ് എന്നിവ ഇയാളില്‍ നിന്നും കണ്ടെടുത്തു.
ഗോവയിലെ അന്‍ജുനയില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് സമ്മതിച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയ്ക്കാണ് ഇവ വാങ്ങിയതെന്നും വില്പന നടത്തിയാല്‍ എട്ടു ലക്ഷം രൂപയോളം വരുമാനം ലഭിക്കുമെന്നും പോലീസ് പറഞ്ഞു. കോഴിക്കോട് ആദ്യമായാണ് ഇത്ര വലിയ അളവില്‍ കൊക്കൈന്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത ലഹരി വസ്തുകള്‍ ഒരാളില്‍ നിന്നും പിടികൂടുന്നത്.
ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങള്‍ക്കായി നഗരത്തിലേക്ക് വന്‍തോതില്‍ ലഹരി മരുന്നുകള്‍ എത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ആന്റി ഗുണ്ടാ സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയിരുന്നു. മാങ്കാവ് സ്വദേശിയായ ഒരാള്‍ ഗോവയില്‍ നിന്നും വന്‍തോതില്‍ ലഹരിമരുന്നുകള്‍ എത്തിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരുന്നു. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ പരിസരത്ത് ഇയാള്‍ ഉള്ളതായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ലഹരി വസ്തുക്കളുമായി ഫസലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പുതുവത്സരാഘോഷം ലക്ഷ്യമാക്കി ലഹരിമരുന്നുകള്‍ എത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് അറിയിച്ചു. കസബ എസ്‌ഐമാരായ വി. സിജിത്ത്, രാംജിത്ത്, എഎസ്‌ഐ വിനോദ്, സിപിഒ മാരായ ബിനില്‍, ജിനീഷ്, ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ രാജീവ്, ജോമോന്‍, നവീന്‍, ജിനേഷ്, അനുജിത്ത്, സുമേഷ്, ഷാജി, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.