പൂരത്തിനൊരുങ്ങി വള്ളില്‍ക്കടവ് ഗ്രാമം

Saturday 23 December 2017 7:35 pm IST

കോഴിക്കോട്: ഗ്രാമത്തെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ഗ്രാമോത്സവം നടത്തുകയാണ് തലക്കുളത്തൂര്‍ വള്ളില്‍ക്കടവ് നിവാസികള്‍. വള്ളില്‍ക്കടവ് പൂരം എന്ന പേരില്‍ 27 മുതല്‍ 31 വരെയാണ് ഗ്രാമോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാന പാതയില്‍ അത്തോളി വി.കെ. റോഡ് ജംഗ്ഷന്‍ മുതല്‍ വള്ളില്‍ക്കടവിലെ പുഴയോരം വരെ ഒമ്പത് വേദികളിലായാണ് വിവിധ പരിപാടികള്‍ നടത്തുന്നത്. സെമിനാറുകള്‍, സ്റ്റേജ് ഷോകള്‍, ആരോഗ്യ പ്രദര്‍ശനം, പുഷ്പമേള, ചലച്ചിത്ര പ്രദര്‍ശനം, ഭക്ഷ്യമേള തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.
അഞ്ച് റസിഡന്‍സ് അസോസിയേഷനുകള്‍ക്കാണ് പൂരം നടത്തിപ്പിന്റെ പ്രധാന ചുമതല. മതേതരത്വവും സാഹോദര്യവും ശക്തിപ്പെടുത്തുക, പരിസ്ഥിതി സംരക്ഷണവും ഗ്രീന്‍ പ്രോട്ടോകോളും ജീവിതചര്യയാക്കുക, ജാതി മത കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി പ്രദേശത്ത് കൂട്ടായ്മ രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പൂരം നടത്തുന്നത്. പ്രദേശത്തെ ടൂറിസം വികസനത്തിനായി വള്ളില്‍ക്കടവ് ഇക്കോ ടൂറിസം പ്രൊജക്ട് എന്ന പേരില്‍ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ സംഘാടക സമിതി തയ്യാറാക്കിയിട്ടുണ്ട്. പുഴയുടെ അക്കരരെയുള്ള ഒരു തൂക്കുപാലം, കണ്ടല്‍ പാര്‍ക്ക്, പുഴയുടെ സൗന്ദര്യം നടന്നാസ്വദിക്കാനുള്ള നടപ്പാതകള്‍, ശുചിമുറികള്‍, വിപണന കേന്ദ്രം, ശലഭോദ്യാനം, കുട്ടികളുടെ പാര്‍ക്ക് എന്നിവ അടങ്ങിയതാണ് പ്രൊജക്‌ടെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഭാരവാഹികളായ ബഷീര്‍ തയ്യില്‍, എ.കെ. സുര്‍ജിത്ത്, സത്യേന്ദ്രന്‍ പുത്തലത്ത്, കെ.കെ. ദയാനന്ദന്‍, ബാലന്‍ കുനിയില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.