മതംമാറ്റമല്ല, മനംമാറ്റം ആവശ്യം

Sunday 24 December 2017 2:43 am IST

‘മനസ്സ് നന്നായാല്‍ എല്ലാം നന്നായി’ എന്നാണല്ലോ. മനസ്സ് ഉണ്ടായിട്ടു വേണ്ടേ അതൊന്ന് നന്നാക്കാന്‍. എന്തൊരു ചോദ്യവും ഉത്തരവും അല്ല!

മനുഷ്യന്‍ സമൂഹജീവിയാണെന്ന് ചെറിയ ക്ലാസു മുതല്‍ പഠിപ്പിക്കു, പഠിപ്പിക്കണം. കാണാപ്പാഠം പഠിച്ച് പരീക്ഷ എഴുതാനല്ല. അതിന്റെ ശരിയായ അര്‍ത്ഥവും വ്യാപ്തിയുംകൂടി അധ്യാപകര്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. സമൂഹജീവി എന്നു പറയുമ്പോള്‍ ഒത്തൊരുമിച്ച് ജീവിക്കുന്നവര്‍ എന്നാണ്. മറ്റുള്ളവരുടെ കാര്യങ്ങളില്‍, ഇഷ്ടാനിഷ്ടങ്ങളില്‍, സൗകര്യങ്ങളില്‍ എല്ലാം ശ്രദ്ധയുണ്ടാകണം എന്നര്‍ത്ഥം. മറ്റുള്ളവരുടെ ദുഃഖം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതില്‍ ഒരല്‍പം സഹതാപമെങ്കിലും നമുക്ക് അറിയിക്കാനാവും. മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ നമ്മുടെ ദുഃഖങ്ങളെ അല്‍പനേരം മാറ്റിവച്ച് സന്തോഷിക്കാനോ സന്തോഷം അഭനയിക്കയെങ്കിലും ചെയ്യാനോ നാം തയ്യാറാവണം. അഭിനയം പോലും മറ്റുള്ളവര്‍ക്ക് ആശ്വാസമേകുമെങ്കില്‍ അതിനും ദൈവാനുഗ്രഹം ഉണ്ടാകും.

നമുക്ക് എല്ലാം തികഞ്ഞിട്ട് ചിരിക്കാം എന്നുവച്ചാല്‍ നമുക്ക് ചിലപ്പോള്‍ ഒരു കാലത്തും ചിരിക്കാന്‍ ആയില്ല എന്നുവരും. ആദ്യം നമുക്ക് ചിരിക്കാന്‍ ശ്രമിക്കാം. ആ ശ്രമം പോലും നമ്മുടെ ശരീരത്തില്‍ നല്ല രാസവസ്തുക്കളെ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
മറ്റുള്ളവര്‍ക്കുവേണ്ടി ചിരിക്കുന്നവന് ദൈവം ചിരിക്കാനുള്ള അവസരങ്ങള്‍ തരും. ഇതു സത്യം. നാംനമ്മുടെ മനസ്സുകളെ മാറ്റാന്‍ പഠിക്കുക. മതം മാറിയിട്ടോ, കസേര മാറിയിട്ടോ കാര്യമില്ല. ഒരു ഉറുമ്പില്‍നിന്നുപോലും നന്മ പഠിക്കാനുള്ള വിനയം നാം വളര്‍ത്തിയെടുക്കണം. നായയില്‍നിന്ന് നന്ദിയും പഠിക്കണം.

കെ. ലളിതാംബിക,
തൃപ്പൂണിത്തുറ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.