തെള്ളിയൂര്‍ക്കാവില്‍ വലിയപടയണി നാളെ

Sunday 24 December 2017 1:00 am IST

തെള്ളിയൂര്‍ക്കാവ്: തെള്ളിയൂര്‍ക്കാവില്‍ ഇന്ന് രാത്രി വഴിപാട് കോലങ്ങള്‍ ഉറഞ്ഞുതുള്ളും. പാട്ടമ്പലത്തിലെ പടയണിക്കളത്തില്‍ രാത്രി 8.30ഓടെ കോലങ്ങള്‍ എഴുന്നള്ളും. 9ന് തപ്പുമേളത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഭൈരവി, യക്ഷി, മറുത, പക്ഷി,കാലയക്ഷി, കാലന്‍ കോലങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കളത്തില്‍ ഉറഞ്ഞുതുള്ളും.
25ന് വലിയ പടയണിയോടെ ഉത്സവം സമാപിക്കും. രാത്രി 8.30ന് തെള്ളിയൂര്‍ ഭഗവതി ക്ഷേത്രത്തില്‍നിന്ന് പാട്ടമ്പലത്തിലേക്ക് ഭദ്രകാളിയും കാലയക്ഷിയും ഒരു ജീവതകളിലായി എഴുന്നള്ളും. 26ന് പുലര്‍ച്ചെ 5.30ന് മംഗളഭൈരവിയോടെ പടയണി സമാപിക്കും.കഴിഞ്ഞദിവസം രാത്രി ഭദ്രകാളിക്ക് നിണബലിയായി ചൂരല്‍ അടവി നടന്നു. മുള്ളുനിറഞ്ഞ ചൂരല്‍വള്ളി മൂടോടെ പിഴുത് എത്തിച്ച് ചവിട്ടിയുറഞ്ഞ് അടവിക്കാര്‍ കളത്തില്‍ വീണതോടെ ദേഹത്തുനിന്ന് രക്തകണങ്ങള്‍ പൊഴിഞ്ഞു. ഘോരരൂപിണിയായ ഭദ്രകാളി സംപ്രീതയായി എന്ന വിശ്വാസത്തോടെ കാഴ്ചക്കാര്‍ തൊഴുകൈയോടെ കളമൊഴിഞ്ഞു.രാത്രി 12 മണിയോടെ വെച്ചൊരുക്ക് ചടങ്ങുകളോടെയാണ് ചൂരല്‍ അടവിയുടെ പ്രാരംഭ ചടങ്ങുകള്‍ നടന്നത്. തെങ്ങിന്‍പൂക്കുല പാലക്കുറ്റിയില്‍ ഉറപ്പിക്കും. പനയുമായി പാനക്കാരന്‍ മരയുരലിനും മുന്നില്‍ ഉറഞ്ഞുനിന്നതോടെ കരിക്കുകള്‍ ഓരോന്ന് ഉടച്ചുതുടങ്ങി. തുടര്‍ന്ന് അടവികള്‍ കൂട്ടമായി പടയണിക്കളത്തില്‍ തുള്ളിയുറഞ്ഞ് കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ച് ഇരുട്ടിലേക്ക് ഓടിമറഞ്ഞും തുടര്‍ന്ന് കമുകും പനയും കളത്തിനടുത്ത് ആവേശത്തോടെ ഉയര്‍ത്തുന്ന ചടങ്ങ് നടന്നു. ദാരിക നിഗ്രഹത്തിന് എത്തിയ ഭദ്രകാളി പോര്‍വിളിക്കായി മരം പിഴുതെറിഞ്ഞതിന്റെ സങ്കല്പത്തിലാണ് ഈ ചടങ്ങ് നടന്നത്. തുടര്‍ന്ന് മരയടവി അരങ്ങേറി. അതിനുശേഷം ഉടുമ്പുതുള്ളലായി. പറപാറ്റലിനായി പറവാദ്യം മുഴങ്ങിയതോടെ ചൂരലുമായി അടവിക്കാര്‍ കളത്തിലെത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.