വാവ സുരേഷിന് മുന്നില്‍ മൂര്‍ഖനൊക്കെ നിസാരം

Saturday 23 December 2017 9:38 pm IST

 

തൊടുപുഴ: ഇണചേരുന്നതിനെ വീട്ടുകാര്‍ കാണുകയും തുടര്‍ന്ന് സമീപത്തെ പാറക്കൂട്ടത്തിനടിയില്‍ ഒളിക്കുകയും ചെയ്ത മൂര്‍ഖന്‍ പാമ്പുകളെ വാവാ സുരേഷ് എത്തി പിടികൂടി. തെക്കുംഭാഗം പറയാണിക്കല്‍ റ്റി.പി. ഷാജി, പുറക്കാട്ട് സുര എന്നിവരുടെ പുരയിടത്തില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി 7.30യോടെ വീട്ടിലെ കുട്ടികള്‍ പുറത്തിറങ്ങുന്നതിനിടെയാണ് മൂര്‍ഖന്‍ പാമ്പുകളെ മുറ്റത്ത് കാണുന്നത്. കുട്ടികള്‍ പേടിച്ച് ബഹളം വയ്ക്കുന്നത് കേട്ട് മറ്റുള്ളവര്‍ എത്തിയപ്പോള്‍ പാമ്പ് സമീപത്തായി സൂക്ഷിച്ചിരുന്ന പാറക്കൂട്ടത്തിനിടയില്‍ ഒളിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് 10 മണിയോടെ നാട്ടുകാരുടെ സഹായത്തോടെ വാവാ സുരേഷിനെ സഹായത്തിനായി വിളിക്കുകയായിരുന്നു.
ഉടന്‍ തന്നെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് തിരിച്ച ഇദ്ദേഹം പുലര്‍ച്ചെ നാലുമണിയോടെ സ്ഥലത്തെത്തി. പിന്നീട് മണിക്കൂറുകള്‍ പ്രയത്‌നിച്ച് കല്ലുകള്‍ തനിച്ച് നീക്കി 7.30യോടെയാണ് ഇരു പാമ്പുകളെയും പുറത്തെടുത്തത്. രണ്ട് ദിവസമായി പാമ്പുകളെ മേഖലയില്‍ കാണുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആണ്‍ പാമ്പിന് 5.5 വയസ് പ്രായവും എട്ടടി നീളവും വരും. പെണ്‍ പാമ്പിന് നാല് വയസ് പ്രായവും 3.5 അടി നീളവും വരും. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഇവ ഇണചേരുന്ന സമയമാണെന്നും ഇത്തരത്തില്‍ കാണുന്നവയെ ഉപദ്രവിക്കരുതെന്നും വാവ സുരേഷ് പറഞ്ഞു. ഈ വര്‍ഷം പിടികൂടുന്ന 1500മത്തെ പാമ്പാണിത്. 122 രാജവെമ്പാല അടക്കം 51000ല്‍ അധികം പാമ്പുകളെയാണ് വാവ സുരേഷ് ഇതിനോടകം പിടികൂടിയത്. വാവ എത്തിയതറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്. ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനും മത്സരമായിരുന്നു. പിടിയിലായ പാമ്പുകളെ പിന്നീട് കാട്ടില്‍ വിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.