ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം ; പ്രതികളെ രക്ഷിക്കാന്‍ ശ്രമം

Sunday 24 December 2017 2:30 am IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് സമീപമുള്ള ആര്‍ എസ് എസ് കാര്യാലയം അടിച്ചു തകര്‍ത്ത കേസില്‍ അഞ്ച് പേര്‍ ഏറ്റുമാനൂര്‍ പോലീസിന് കീഴടങ്ങി. എന്നാല്‍ ഇവരെ നിസ്സാര കുറ്റങ്ങളുടെ വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്ത് ഉടന്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ നിസ്സാരകുറ്റം ചുമത്തിയതെന്നാണ് സംശയിക്കുന്നത്. മെല്‍വിന്‍ ജോസഫ്, ബിബിന്‍ സെബാസ്റ്റ്യന്‍, അനന്തുശിവകുമാര്‍, സച്ചിന്‍ സജി, രാഹുല്‍ രാജേന്ദ്രന്‍ എന്നിവരാണ് കീഴടങ്ങിയത്.

ഏറ്റുമാനൂരപ്പന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം മുപ്പതോളം എസ്എഫ്‌ഐ, സി പി എം പ്രവര്‍ത്തകര്‍ വൈകിട്ട് 5 മണിക്ക് തെക്കേനടയിലുള്ള ആര്‍എസ്എസ് കാര്യാലയം അടിച്ചു തകര്‍ക്കുകയായിരുന്നു. കാര്യാലയത്തിനു മുന്നില്‍ നിര്‍ത്തിയിരുന്ന ആറോളം ബൈക്കുകളും തല്ലിത്തകര്‍ത്തു. മെല്‍ബിന്‍ ജോസഫ്, ബിബിന്‍ സെബാസ്റ്റ്യന്‍, ജോബിന്‍, അനന്തു ശിവകുമാര്‍ , മാത്യു, നന്ദു പ്രേം, സച്ചിന്‍, സുധീഷ് എന്നീ എസ് എഫ് ഐ, സി പി എം പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കമ്പിവടികളും കല്ലുമായി കാര്യാലയ പരിസരത്ത് വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമണം നടത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് വന്ന രണ്ട് ഭക്തര്‍ക്ക് അക്രമികളുടെ കല്ലേറില്‍ പരിക്കുപറ്റി.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ നേതൃത്വത്തില്‍ ബിജെപി, ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തുകയും സര്‍ക്കിള്‍ ആഫീസ് ഉപരോധിക്കുകയും ചെയ്തു. സിഐ എ.ജെ.തോമസ് സമാധാന ചര്‍ച്ച നടത്താന്‍ ബി ജെ പി, ആര്‍ എസ് എസ് നേതാക്കളെ ക്ഷണിച്ചെങ്കിലും അക്രമികളെ അറസ്റ്റ് ചെയ്യാതെ യാതൊരു ചര്‍ച്ചയ്ക്കും തങ്ങള്‍ ഒരുക്കമല്ലെന്ന് ഹരി അറിയിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.