അയ്യംകുളം നാശത്തിന്റെ വക്കില്‍

Saturday 23 December 2017 9:44 pm IST

അളഗപ്പനഗര്‍ : പച്ചളിപുറത്തെ അയ്യംകുളം സംരക്ഷണമില്ലാതെ നശിക്കുന്നു. നൂറ്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ കുളം ശുചീകരിച്ചിട്ട് ഒന്നര പതിറ്റാണ്ട്. അളഗപ്പനഗര്‍,തൃക്കൂര്‍ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ആശ്രയമായ കുളമാണ് അധികൃതരുടെ അനാസ്ഥയില്‍ ചണ്ടിയും പായലും മൂടി നശിച്ചു കൊണ്ടിരിക്കുന്നത്.
ഒരേക്കറിലേറെ വിസ്തീര്‍ണമുള്ള കുളത്തിന്റെ ഓരങ്ങള്‍ ഇടിഞ്ഞ് കാടുമൂടിയ സ്ഥിതിയിലാണ്. ഭിത്തികെട്ടി കുളം സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.2001ലാണ് കുളം കരിങ്കല്‍ ഭിത്തികെട്ടി ഉയര്‍ത്തിയത്. അതേ വര്‍ഷം കുളത്തിലെ ചണ്ടിയും പായലും നീക്കം ചെയ്തുവെങ്കിലും പിന്നീട് യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.ഇതിനിടയില്‍ കുളത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുവീണ് അപകടാവസ്ഥയിലായി.
കടുത്ത വേനലിലും ജലസമൃദ്ധമായ കുളത്തില്‍ സമീപപ്രദേശത്തെ ആളുകള്‍ അലക്കാനും കുളിക്കാനും എത്തുന്നത് പതിവായിരുന്നു.എന്നാല്‍ കടവുകള്‍ ഇടിഞ്ഞു കിടക്കുന്നതുമൂലം കുളത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
കടുത്ത വേനലിലും നിറഞ്ഞു കിടക്കുന്ന അയ്യംകുളത്തിലെ വെള്ളമാണ് സമീപപ്രദേശത്തെ കുടിവെള്ള ജലസ്രോതസുകളെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നത്.കുളം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭകളില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പായലും ചണ്ടിയും നീക്കിയതിനു ശേഷം കൈവരികെട്ടി കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതോടൊപ്പം കുളത്തില്‍ നീന്തല്‍ പരിശീലനം നടത്താനുള്ള സാധ്യതയും പഞ്ചായത്ത് പരിഗണിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.