ആലപ്പുഴയിലും വേലിക്ക് പുറത്ത് അച്യുതാനന്ദന്‍

Sunday 24 December 2017 2:50 am IST

ആലപ്പുഴ: സ്വന്തം ജില്ലയില്‍ നടക്കുന്ന സിപിഎം സമ്മേളനങ്ങളില്‍ പാര്‍ട്ടി സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദനെ കാഴ്ചക്കാരന്‍ പോലുമാകാന്‍ അനുവദിക്കാതെ ഔദ്യോഗിക പക്ഷം കണക്കു തീര്‍ക്കുന്നു. ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിനോട് പ്രതികാരം തീര്‍ക്കുകയാണ് പിണറായി പക്ഷം.

അടുത്ത മാസം നടക്കുന്ന ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനവും, സമാപനപരിപാടിയിലെ മുഖ്യപ്രഭാഷകനും മുഖ്യമന്ത്രി പിണറായി വിജയനാണ്. മുന്‍കാലങ്ങളില്‍ ഏഴു ജില്ലാ സമ്മേളനങ്ങളില്‍ വീതം പിണറായിയും വിഎസും പങ്കെടുക്കുമായിരുന്നു. ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ മാത്രമാണ് ഇത്തവണ വിഎസിന് സ്ഥാനം.

സ്വന്തം ജില്ലയില്‍ അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ ഇന്ന് നാമാവശേഷമാണ്. കുട്ടനാട്, കാര്‍ത്തികപ്പള്ളി ഏരിയാ കമ്മറ്റികളില്‍ മാത്രമാണ് പേരിനെങ്കിലും വിഎസ് പക്ഷത്തിന് മേധാവിത്വം ഉള്ളത്. വിഎസിന്റെ തട്ടകമായി അറിയപ്പെടുന്ന അമ്പലപ്പുഴ ഏരിയ കമ്മറ്റിയില്‍ വിഎസ് പക്ഷക്കാരായി ഒരാള്‍ പോലും ഇല്ല.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോയതോടെ വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പടിയടച്ച് പുറത്താക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിച്ചെങ്കിലും സീതാറാം യെച്ചൂരിയുടെ പിന്തുണയോടെ വിഎസ് പിടിച്ചു നിന്നു.

വിഎസ് പങ്കെടുക്കാത്ത ആദ്യ ആലപ്പുഴ ജില്ലാ സമ്മേളനമാകും ഇത്തവണത്തേത്. സിപിഎം രൂപംകൊണ്ട ശേഷം ആദ്യ സംസ്ഥാന സമ്മേളനം നടന്നത് ആലപ്പുഴയിലായിരുന്നു. അന്ന് മുതല്‍ 2015 വരെ സംസ്ഥാന സമിതിയംഗമായിരുന്നു അച്യുതാനന്ദന്‍. വിഎസ് പ്രസംഗിക്കാത്ത ആദ്യ സംസ്ഥാന സമ്മേളനവും കഴിഞ്ഞ ആലപ്പുഴ സമ്മേളനമായിരുന്നു. ആലപ്പുഴയില്‍ രണ്ടാമത് സംസ്ഥാന സമ്മേളനം നടന്നത് 1988ലായിരുന്നു. അന്ന് അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. പാര്‍ട്ടിയില്‍ സര്‍വശക്തനായിരുന്ന അച്യുതാനന്ദന്‍ മലപ്പുറം സമ്മേളനത്തോടെയാണ് ദുര്‍ബലനായി തുടങ്ങിയത്.

തുടര്‍ന്ന് കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളില്‍ വിഎസിന്റെ ചിറകരിഞ്ഞു. ഒടുവില്‍ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ പൂര്‍ണമായും തുടച്ചുനീക്കി. പക്ഷേ 2006ലും 2011ലും പിബിയുടെ തീരുമാനങ്ങളെ പോലും തിരുത്തിച്ച് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആകാനും വിഎസിന് സാധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.